ഗുജറാത്ത് എക്‌സിറ്റ്‌പോള്‍ വിശ്വാസ്യത; കണക്കുകള്‍ ഇങ്ങനെയാണ്

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് ഫലങ്ങളും പുറത്തുവന്നു തുടങ്ങി. ടൈംസ് നൗ ചാനലിന്റെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നേടിയെങ്കിലും ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും ഇന്ത്യാ ടുഡേ ഫലം പറയുന്നു. എന്നാല്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളുടെ സാധ്യത അമ്പതുശതമാനത്തോളം മാത്രമാണെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളം, ആസ്സാം,പുതുച്ചേരി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്ഫലങ്ങള്‍ ശരിയായപ്പോള്‍ തമിഴ്‌നാടിന്റെ എക്‌സിറ്റ് ഫലങ്ങള്‍ക്ക് തെറ്റുപറ്റി. ഏജന്‍സികളിലൊന്നിനും തമിഴ്‌നാടിന്റെ കാര്യം കൃത്യമായി പ്രവചിക്കാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ എല്‍.ഡി.എഫും പശ്ചാമബംഗാളില്‍ തൃണമൂലും ആസാമില്‍ ബി.ജെ.പിയും അധികാരത്തില്‍ വരുമെന്ന പ്രവചനം ശരിയായി. അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെ-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എ.ഐ.ഡി.എം.കെയാണ് വിജയം നേടി അധികാരത്തിലെത്തിയത്. ഗുജറാത്തില്‍ 116 സീറ്റ് വരെ നേടി ബിജെപി ഭരണം തുടരുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകളുകളുടെ ശരാശരി നല്‍കുന്ന സൂചന.
കോണ്‍ഗ്രസ് പത്ത് സീറ്റുവരെ ഇത്തവണ അധികം നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേകള്‍ പറയുന്നു. സൗരാഷ്ട്രയിലും വടക്കന്‍ ഗുജറാത്തിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് പറയുന്ന എക്‌സിറ്റ് പോള്‍ മധ്യഗുജറാത്തും ദക്ഷിണ ഗുജറാത്തും അഹമ്മദാബാദും ബി.ജെ.പി തൂത്തുവാരുമെന്നും വ്യക്തമാക്കുന്നു.