ഗുജറാത്ത് തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധിയും അഹമ്മദാബാദ് ഒഴികെ വിവിധ യിടങ്ങളില്‍ ഇന്ന് പ്രസംഗിക്കും. തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം വിവാദമായ സാഹചര്യത്തില്‍ ഇന്നത്തെ ഇരുവരുടേയും പ്രസംഗം നിര്‍ണ്ണായകമാകും.

മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. മറ്റന്നാളാണ് വോട്ടെടുപ്പ്. ബി ജെ പിക്ക് കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുളള മേഖലകളാണ് രണ്ടാംഘട്ടത്തില്‍ അധികവും. 17 മണ്ഡലങ്ങളുള്ള അഹമ്മാദബാദ് ജില്ലയിലുണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ നഷ്ടമാകുമോ എന്ന ആശങ്ക ബി ജെ പി ക്യാന്പിനുണ്ട്. അഹമ്മദാബാദില്‍ നേരത്തെ പ്രധാന മന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോകള്‍ നിശ്ചയിച്ചിരുന്നെങ്കിലും പൊതു ജന ജീവിതം താറുമാകുമെന്ന് വിലയിരുത്തി പോലീസ്ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റു മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇരുവരും ഇന്ന് പ്രചരാണം നടത്തുക. തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ്സ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാലന്‍ പൂരില്‍ റാലിയില്‍ പറഞ്ഞത് വിവാദമായിക്കഴിഞ്ഞു. ഈ വിഷയം ഇന്നും കോണ്‍ഗ്രസ്സും ബി ജെ പിയും ഇന്നും പ്രചാരണ ആയുധമാക്കും. ആരോപണത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്ന മുന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ആവശ്യത്തിന് പ്രധാന മന്ത്രി തന്നെ ഇന്ന് മറുപടി പറയാനിടയുണ്ട്.

‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പറയുന്ന നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണം, താന്‍ പുറത്തു വിട്ട പട്ടികയിലെ ഒരാളു പോലും ദേശവിരുദ്ധ പ്രവൃത്തികള്‍ നടത്തിയതിനു യാതൊരു തെളിവുമില്ല. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന സാഹചര്യത്തില്‍ അല്‍പമെങ്കിലും പക്വത കാണിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. മുന്‍ പ്രധാനമന്ത്രിയുടെയും സേനാ തലവന്റെയും ഉള്‍പ്പെടെ ഓഫിസിനു നേരെ കരിവാരിത്തേക്കുന്ന അപകടകരമായ നടപടിയാണ് മോദി പിന്തുടരുന്നത്. ഭരണഘടനാപരമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളെ കളങ്കപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തുടര്‍ച്ചയാണു പുതിയ ആരോപണങ്ങള്‍. ഭീകരാവദത്തോട് എല്ലാത്തരം വിട്ടുവീഴ്ചകളും ചെയ്തു പോരാടുന്ന ചരിത്രമുള്ള ബിജെപി ദേശീയതയെക്കുറിച്ച് കോണ്‍ഗ്രസിനെ ഗിരിപ്രഭാഷണങ്ങള്‍ നടത്തി പഠിപ്പിക്കേണ്ട’ എന്നായിരുന്നു മന്‍മോഹന്‍ സിങ് മോദിക്ക് മറുപടിയായി പറഞ്ഞത്

SHARE