ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാക്കിസ്ഥാന്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൊഹമദ് ഫൈസല്‍ ആവശ്യപ്പെട്ടു. സ്വന്തം നിലക്കാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി പാകിസ്താനെ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഫൈസല്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ പ്രധാന എതിരാളികളായി മത്സരരംഗത്തുള്ള കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടാണ് മോദി ആരോപണം ഉന്നയിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ പാകിസ്താന്റെ ഔദ്യേഗീക പ്രതികരണം വന്നിരിക്കുന്നത്.
‘തെരഞ്ഞെടുപ്പ് സംവാദത്തിലേക്ക് പാകിസ്ഥാനെ വലിച്ചിഴക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് വിജയിക്കേണ്ടത് സ്വന്തം ശക്തികൊണ്ടാണ്, അല്ലാതെ കെട്ടിച്ചമച്ച ഗൂഢാലോചന കൊണ്ടോ തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണം കൊണ്ടോ അല്ല.’ പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
India should stop dragging Pakistan into its electoral debate and win victories on own strength rather than fabricated conspiracies, which are utterly baseless and irresponsible.
— Dr Mohammad Faisal (@ForeignOfficePk) December 11, 2017
ബനാസ്കന്തയില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക് ഇടപെടലുണ്ടെന്ന തരത്തില്‍ സംസാരിച്ചത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്ഥാന് മുന്‍ സൈനിക ഡയറക്ടര്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു മോദിയുടെ ആരോപണം.
പാകിസ്ഥാന് മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്്മൂദ് കാസുരിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുമായി രഹസ്യയോഗം നടത്തിയെന്നും മോദി ആരോപിച്ചിരുന്നു.
‘പാകിസ്ഥാന് ഹൈക്കമ്മീഷണര്‍, മുന്‍വിദേശകാര്യ മന്ത്രി, മുന്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് എന്നിവരെല്ലാം അയ്യരുടെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. മൂന്നുമണിക്കൂറോളം യോഗം നീണ്ടുനിന്നു. പിറ്റേദിവസം മണിശങ്കര്‍ മോദിയെ ‘നീച്’ എന്നുവിളിച്ചു. പാക് ഹൈക്കമ്മീഷണറുമായി യോഗം നടത്തുകയെന്നത് ഗുരുതരവും പ്രകോപനപരവുമായ പ്രശ്നമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ ഇത്തരമൊരു രഹസ്യയോഗം നടത്തേണ്ടതിന്റെ കാരണമെന്താണ്?’ എന്നായിരുന്നു മോദി പറഞ്ഞത്.
എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്നു പറഞ്ഞ് കോണ്‍ഗ്രസ് ഈ ആരോപണം നിഷേധിച്ചിരുന്നു.