ഗാന്ധിയുടെ ജന്മനാട്ടില്‍ തിളയ്ക്കുന്ന രോഷം

പോര്‍ബന്തറില്‍ നിന്ന്
എം അബ്ബാസ്

മുഷിഞ്ഞ തുണിക്കഷ്ണം പോലെയാണ് മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍. വെടിപ്പില്ലാത്ത തൊട്ടുരുമ്മി നില്‍ക്കുന്ന ഗല്ലികള്‍, കുഴിവീണ റോഡുകള്‍, ടാര്‍ കണ്ടിട്ടുപോലുമില്ലാത്ത പാതകള്‍… ഒരു ചെറുമഴ പെയ്തതില്‍പ്പിന്നെ ചാണകവും വെള്ളവും പാതയ്ക്കിരുവശവും പരക്കും. കണ്ടതിലൊക്കെ മണപ്പിച്ച് കടന്നുപോകുന്ന പശുക്കളും കാളകളും. ഇപ്പോ ഇടിഞ്ഞുവീഴുമെന്ന് തോന്നിച്ച കെട്ടിടങ്ങള്‍ ആ നഗരത്തിന്റെ അവഗണനയുടെ കഥ പറയുന്നുണ്ടായിരുന്നു.

മഹാത്മാവ് ജനിച്ച കീര്‍ത്തി മന്ദിറിന് തൊട്ടടുത്തുള്ള മനേക് ചൗക്കില്‍ പാന്‍കട നടത്തുന്ന പ്രവീണ്‍ എന്ന മധ്യവയസ്‌കന്‍ അക്കഥ പറഞ്ഞു. ‘സാബ്, പോ ര്‍ബന്തറില്‍ വികസനമൊന്നും വന്നിട്ടില്ല. ബി.ജെ.പി ഒരു പണിയും എടുത്തിട്ടില്ല. റോഡുകളെല്ലാം തകര്‍ന്നു. ഇത്തവണ ബി. ജെ.പി തോല്‍ക്കും. ഗുജറാത്തി ല്‍ ഇത്തവണയും ബി.ജെ. പി അധികാരത്തില്‍ വരുമെങ്കിലും കോണ്‍ഗ്രസിന് സീറ്റു കൂടുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പറയുന്നതില്‍ കാര്യമുണ്ടെന്ന് ഒരു നഗരയാത്ര ബോധ്യപ്പെടുത്തും. പ്രത്യേകിച്ചും തീരപ്രദേശങ്ങളിലെ ഗല്ലികളില്‍ ശോചനീയമാണ് സ്ഥിതി. ഗല്ലികളിലൊന്നിന്റെ അവസാനത്തില്‍ കോ ണ്‍ഗ്രസ് സമ്മേളനത്തിന്റെ ബാക്കിപത്രം കണ്ടു. കത്യാവാര്‍ മുനമ്പിലെ തീരനഗരമാണ് പോര്‍ബന്തര്‍. എല്ലായിടത്തും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പതാകകളും തോരണങ്ങളും. ചെറുകൈവണ്ടികളില്‍ കോളാമ്പി കെട്ടി പാട്ടുപാടിപ്പോകുന്ന പ്രചാരണമാണ് വിശേഷപ്പെട്ട ഒന്ന്.

ബി.ജെ.പിക്കായി മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്നത് ഫിഷറീസ്-മൃസംരക്ഷണ വകുപ്പു മന്ത്രി ബാബുലാല്‍ ബോഖിറിയ. കോണ്‍ഗ്രസ് ഇറക്കിയതും ചില്ലറക്കാരനല്ല, മുന്‍ പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായിരുന്ന അര്‍ജുന്‍ മോദ്‌വാദിയ. നവംബര്‍ 24ന് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തിയതോടെയാണ് പോര്‍ബന്തര്‍ ചൂടേറിയ മണ്ഡലമായി മാറിയത്. കീര്‍ത്തിമന്ദിര്‍ സന്ദര്‍ശിച്ച രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. ചൗപാഡി ബീച്ചിലെ വലിയ മൈതാനം ഒഴിവാക്കി മാരിടൈം ബോര്‍ഡ് ഓഫീസിന് മുമ്പിലുള്ള പോസ്റ്റ് ഓഫീസ് പരിസരത്ത് നാട്ടുകാരുമായി ഇടപഴകയായിരുന്നു സംവാദം. പ്രാദേശിക ബി.ജെ.പി നേതാവ് ഭാരത്ഭായ് മോദി രാഹുലുമായി വേദി പങ്കിട്ടത്തോടെ ഈ യോഗം ശ്രദ്ധിക്കപ്പെട്ടു. (ഇയാളെ പിന്നീട് ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു) മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാറുമായുള്ള പ്രശ്‌നത്തിന്റെ പള്‍സറിഞ്ഞാണ് രാഹുല്‍ ഇവിടം സംവാദത്തിനായി തെരഞ്ഞെടുത്തത്.

മത്സ്യബന്ധനം ഉപജീവനമായ മാര്‍ഗമായി സ്വീകരിച്ചവരാണ് ഭൂരിപ ക്ഷം. അവര്‍ക്ക് നോട്ട്‌നിരോധനവും ചരക്കു സേവന നികുതിയുമൊന്നുമല്ല പ്രശ്‌നം. കടലില്‍പ്പോകാനുള്ള മണ്ണെണ്ണ സബ്‌സിഡി വെട്ടിക്കുറച്ചതാണ്. നേരത്തെ 130 ലിറ്റര്‍ ഡീസലാണ് സബ്‌സിഡിയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും 32 ലിറ്റര്‍ മാത്രം. പാകിസ്താനുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന തീരം കൂടിയാണിത്. ഇവിടെ നിന്നു മാത്രം അഞ്ഞൂറോളം പേര്‍ പാകിസ്താനി ജയിലില്‍ കഴിയുന്നുണ്ട്. മോചനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് തദ്ദേശവാസികള്‍ ആരോപിക്കുന്നു. 1625 കിലോമീറ്ററില്‍ നീണ്ടു കിടക്കുന്നതാണ് ഗുജറാത്തിലെ തീരങ്ങള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ തീരദേശം. ഇതില്‍ പോര്‍ബന്തറില്‍ മാത്രം 75000 മീന്‍പിടിത്തക്കാര്‍. മുപ്പതിനായിരത്തിലധികം പേര്‍ക്ക് വോട്ടുണ്ട്. മൊത്തം 2.28 ലക്ഷം വോട്ടര്‍മാര്‍. ജാതിക്കണക്കു നോക്കുകയാണെങ്കില്‍ മെഹര്‍ സമുദായത്തിനാണ് ഭൂരിപക്ഷം. മോദ്‌വാദിയയും ബൊഖിറിയയും മെഹറുമാര്‍. ഈ വോട്ടുകള്‍ എങ്ങോട്ടെല്ലാം മറിയുമെന്നത് അപ്രവചനീയം.

65000ത്തിലധികം പേരാണ് ഈ സമുദായത്തില്‍നിന്നുള്ളവര്‍. തൊട്ടുതാഴെ 30000ത്തിലധികം ലൊഹാനകള്‍. മുസ്‌ലിംകള്‍ 15000ത്തോളം. മൊത്തം ജനസംഖ്യയിലെ 22%. മണ്ഡലത്തില്‍ മൂന്നാം തവണയാണ് ഇരുവരും അങ്കത്തിനിറങ്ങുന്നത്. 1998ലായിരുന്നു ഇവര്‍ ആദ്യം മുഖാമുഖം നിന്നത്. വിജയം ബോഖിറിയക്കൊപ്പം നിന്നു. അന്ന് മൂന്നാമതായിരുന്ന മോദ്‌വാദിയ പക്ഷേ, 2002ല്‍ ബോഖിറിയയെ തറപറ്റിച്ചു. 2007ല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കെതിരെയായിരുന്നു മോദ്‌വാദിയയുടെ ജയം. 2012ലെ പോരാട്ടത്തില്‍ വീണ്ടും മോദ്‌വാദിയ വീണു. ഇത്തവണ ആരു വീഴും, ആരു വാഴുമെന്നതില്‍ പോര്‍ബന്തറിനു തന്നെ ഉറപ്പില്ല.