ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം

എം അബ്ബാസ്

ഭുജില്‍ രാത്രി തങ്ങിയ വി.ആര്‍.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; ‘ഭായി സാബ്, ഇസ് ഇലക്ഷന്‍ മേം കോന്‍ ജീതേഗാ?’ (തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും). ബി.ജെ.പി തൊ മുഷ്‌കില്‍ ഹെ സാബ്. ഹമാരാ ബോസ് ഹര്‍ദിക് പട്ടേല്‍ ഹെ’ (ബി.ജെ.പിയുടെ കാര്യം കഷ്ടമാണ്. ഞങ്ങളുടെ നേതാവ് ഹര്‍ദികാണ്). ഹര്‍ദിക് പട്ടേല്‍ എന്ന 24കാരന്‍ ഗുജറാത്തിലെ പട്ടേല്‍ സമുദായത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു സൗരാഷ്ട്രയില്‍ ഏറെ അകലെ തൊഴിലെടുക്കുന്ന ആ ചെറുപ്പക്കാരന്‍. പട്ടേലുമാരുടെ അസംതൃപ്തി ഹര്‍ദികിന്റെ നേതൃത്വത്തില്‍ ഒരു സമ്മര്‍ദ ഗ്രൂപ്പായി ബി.ജെ.പിക്കെതിരെ വാളോങ്ങി നില്‍ക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പില്‍. പട്ടേല്‍ മാത്രമല്ല, അല്‍പേഷ് താക്കോറിന്റെ നേതൃത്വത്തില്‍ താക്കോര്‍, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ദളിതര്‍, ഛോട്ടുവാസവയുടെ നേതൃത്വത്തില്‍ ഗോത്രസമൂഹം എന്നിവരും ഇത്തവണ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഇതിനു പുറമേ, പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചു പോരുന്ന മുസ്്‌ലിംവോട്ടുകളും. ഈ സഖ്യപ്പെടലുകള്‍ തന്നെയാണ് രണ്ടു പതിറ്റാണ്ടിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിനെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നതും.

ഗുജറാത്ത് രാഷ്ട്രീയത്തില്‍ പട്ടേലുമാരുടെ സ്വാധീനത്തെ മറികടക്കാനായി, 1980 കളിലെ ക്ഷത്രിയ-ഹരിജന്‍-ആദിവാസി-മുസ്്‌ലിം (സവമാ) കൂട്ടായ്മയിലേക്ക് പട്ടേലുമാരെ കൂടി എത്തിച്ചാണ് കോണ്‍ഗ്രസ് പരീക്ഷണത്തിനിറങ്ങുന്നത്. ഇതിന്റെ മുഴുവന്‍ ക്രഡിറ്റും നല്‍കേണ്ടത് ഗുജറാത്ത് പി.സി.സി അധ്യക്ഷന്‍ ഭാരത്‌സിന്‍ഹ് സോളങ്കിക്കാണ്. മറ്റൊരര്‍ത്ഥത്തില്‍ അച്ഛന്‍ മാധവ് സിന്‍ഹ് സോളങ്കിയുടെ ‘തെറ്റിന്’ പ്രായശ്ചിത്തം ചെയ്യുകയാണ് ഭാരത് സിന്‍ഹ. 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മാധവ്‌സിന്‍ഹ് സോളങ്കി, ഖാമിന് രൂപം നല്‍കിയത്. 85ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 182ല്‍ 149 സീറ്റുമായി അധികാരത്തിലെത്തുകയും ചെയ്തു.

ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1975ലെ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഖാം തന്ത്രത്തിന് രൂപം നല്‍കിയത്. 75ല്‍ ഖാം തന്ത്രത്തില്‍ മത്സരിച്ച 93ല്‍ 47 പേര്‍ വിജയിച്ചു. 80ല്‍ 111ല്‍ 96 പേരും വിജയം കണ്ടു. 85ലെ 149 എം.എല്‍.എമാരില്‍ 100 പേര്‍ ഖാമില്‍ നിന്നും ഒ.ബി.സി വിഭാഗത്തില്‍നിന്നുമായിരുന്നു. ഗുജറാത്ത് ചരിത്രത്തില്‍ പട്ടേലുമാര്‍ക്ക് കാബിനറ്റ് പദവി ലഭിക്കാത്ത ആദ്യത്തെ മന്ത്രിസഭയും അതായിരുന്നു. സോളങ്കിയുടെ മൂന്നാമൂഴത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. 20 മന്ത്രിമാരില്‍ രണ്ടു പട്ടേലുമാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് കാബിനറ്റ് പദവിയുണ്ടായിരുന്നില്ല. ഒരു കാലത്ത് അധികാരത്തില്‍ വാണിരുന്ന സമുദായം പതിയെ അപ്രസക്തമാകുന്നതിലെ വികാരമാണ് പട്ടീദാറുമാരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ഒരു പുതിയ അസ്തിത്വത്തിനു വേണ്ടിയുള്ള പട്ടീദാര്‍മാരുടെ അന്വേഷണത്തിലേക്കാണ് എണ്‍പതുകളില്‍ ബി.ജെ.പി അവതരിച്ചത്. പട്ടേലുകള്‍ കോണ്‍ഗ്രസില്‍നിന്ന് സമ്പൂര്‍ണമായി അകന്നു. പട്ടേല്‍, ബനിയ, ഒ.ബി.സി, ദൡത് സമൂഹങ്ങളെ ഹിന്ദുത്വ ബാനറിന് കീഴില്‍ അണി നിരത്താന്‍ ബി.ജെ.പിക്കായി. അതിനിടെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളായ സോളങ്കിലും ജിനാഭായ് ദാര്‍ജിയും വഴി പിരിഞ്ഞതോടെ ഖാം പൊളിയുകയും ചെയ്തു.

22 വര്‍ഷമായി ബി.ജെ.പിയോട് കൂറു കാണിച്ച രാഷ്ട്രീയത്തിനാണ് പട്ടേല്‍ സമുദായം ഇത്തവണ അന്ത്യം കുറിച്ചിട്ടുള്ളത്. 2012ല്‍ പട്ടീദാര്‍ സമുദായത്തില്‍നിന്നുള്ള 48 സ്ഥാനാര്‍ത്ഥികളില്‍ 38 പേരും ബി.ജെ.പി ടിക്കറ്റില്‍ സഭയിലെത്തിയിരുന്നു. ഹര്‍ദികിനെ ഒപ്പം നിര്‍ത്താനായില്ലെങ്കിലും ആ സമുദായത്തിന്റെ അനിഷ്ടം സമ്പാദിക്കാതിരിക്കാനായി ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തു്ന്നുണ്ട്. ഗുജറാത്തിലെ നാലു പട്ടേല്‍ മുഖ്യമന്ത്രിമാരെയും – ബാബു ജഷ്ഭായ് പട്ടേല്‍, ചിമന്‍ഭായ് പട്ടേല്‍,കേശുഭായ് പട്ടേല്‍, ആനന്ദിബെന്‍ പട്ടേല്‍- പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ ഓര്‍ത്തെടുക്കുന്നു. കോണ്‍ഗ്രസിന്റെ ഖാം സമവാക്യത്തെയും ഇടയ്ക്കിടെ ബി.ജെ.പി ഒാര്‍മിപ്പിക്കുന്നു. എന്നാല്‍ പട്ടേലുമാരിലെ മുതിര്‍ന്നവര്‍ക്ക് മാത്രമാണ് ഇത്തരമൊരു സമവാക്യം ഓര്‍മയിലുള്ളത്. ഹര്‍ദിക് പട്ടേലിനു കീഴില്‍ അണി നിരക്കുന്ന യുവാക്കള്‍ക്ക് ഈ ഓര്‍മപ്പെടുത്തലിനോട് വേണ്ടത്ര മമതയില്ല.

പട്ടേലുകാരുടെ വരവാണ് ഇത്തവണത്തെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ പരീക്ഷണം. പട്ടേല്‍ മുന്നോട്ടുവെച്ച സംവരണാവശ്യം യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതല്ല എന്ന വിമര്‍ശനങ്ങള്‍ ഏറെയാണെങ്കിലും അതിനെ നിലവില്‍ കണ്ടില്ലെന്ന് നടക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. ഒ.ബി.സി വിഭാഗമായ താക്കോറുകളുടെ മുന്നേറ്റമുണ്ടാക്കിയ അല്‍പേഷിന്റെയും മേവാനിയുടെ ദളിതരുടെയും വോട്ടു ബാങ്കുകള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് പുതിയതല്ല. അഹമ്മദാബാദിലെ കോണ്‍ഗ്രസ് നേതാവായിരുന്നു താക്കോറിന്റെ അച്ഛന്‍ ഖൊജാദി താക്കൂര്‍. ജിഗ്നേഷ് മേവാനിക്കു കീഴില്‍ അണി നിരന്ന ദളിതരുടെ വോട്ടുകളും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നവയാണ്. മുസ്്‌ലിംകളാണ് മറ്റൊന്ന്. ബി.ജെ.പിക്കെതിരെ വേറൊരു ബദല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മുസ്്‌ലിംകള്‍ തങ്ങളെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിനറിയാം. സംസ്ഥാന ജനസംഖ്യയില്‍ ഒമ്പതു ശതമാനത്തിലേറെ വരുന്ന മുസ്്‌ലിംകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.