ഗുജറാത്ത് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനം: അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വലിയ ഉത്തേജനമാണ് നല്‍കുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍.
ബി. ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വളര്‍ത്തിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് ഫലം സഹായിച്ചിട്ടുണ്ട്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കഴിയുമെന്നും അഹമ്മദ് പട്ടേല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ തന്നെ ഗുജറാത്തില്‍ ശക്തമായ തിരിച്ചുവരവിന്റെ സൂചന കോണ്‍ഗ്രസ് നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടു.

150ലധികം സീറ്റ് നേടുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ട്ടിയെ, അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് 100നു താഴെ സീറ്റില്‍ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ ധാര്‍മ്മികമായ വിജയം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. തന്നെ തോല്‍പ്പിക്കാന്‍ പാകിസ്താനുമായി ചിലര്‍ കൈ കോ ര്‍ക്കുകയാണെന്നു വരെ മോദി നേരിട്ട് ആരോപണം ഉന്നയിച്ചു. എന്നാല്‍ വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ അദ്ദേഹം നടത്തിയ എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

SHARE