അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ അദാനിയുടെ ആസ്പത്രിയില്‍ മരിച്ചത് ആയിരം കുട്ടികള്‍

അദാനി ഫൗണ്ടേഷന്റെ ഗുജറാത്തിലെ ജികെ ജനറല്‍ ആസ്പത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ ആയിരം കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരാണ് നിയമസഭയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഗൗതം അദാനിയുടെ ആസ്പത്രിയില്‍ നടന്ന മരങ്ങളെ സംബന്ധിച്ച് ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് നേതാവ് സന്തോക്ബെന്‍ അരേത്യ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗൗതം അദാനിയുടെ ആസ്പത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ ആശുപത്രിയില്‍ 1,018 ല്‍ അധികം കുട്ടികള്‍ മരിച്ചിട്ടുണ്ടെന്ന് അറിയിച്ചത്.

ആരോഗ്യ വകുപ്പും കൈകാര്യം ചെയ്യുന്ന പട്ടേല്‍ പുറത്തുവിട്ട കണക്കനുസരിച്ച് 2014-15 വര്‍ഷങ്ങളില്‍ 188 കുട്ടികള്‍ക്കും 2015-16 വര്‍ഷങ്ങളില്‍ 187ഉം 2016-17 വര്‍ഷങ്ങളില്‍ 208ഉം 2017-18 ല്‍ 276 ഉം 2018 മുതല്‍ 2019 ഇതുവരെ 159 കുട്ടികള്‍ക്കും ചികിത്സക്കിടെ അദാനിയുടെ ആസ്പത്രിയില്‍വച്ച് ജീവന്‍ നഷ്ടപ്പെട്ടു.

ആസ്പത്രിയിലെ വിവിധ വകുപ്പുകളിലായി പലകാരണങ്ങള്‍മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് മരണകാരണമായി ആസ്പത്രി അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചുമാസത്തിനുള്ളില്‍ 111 കുട്ടികള്‍ മരിച്ചതായി 2018 മെയ് 20ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോഷകാഹാരക്കുറവും ഗര്‍ഭിണികളെ വൈകി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതുമാണ് മരണകാരണമെന്നായിരുന്നു അന്ന് ആസ്പത്രിയുടെ വിശദീകരണം. അതേസമയം കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.

ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റേതാണ് ആസ്പപത്രി. അദാനി എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷനും സംസ്ഥാന സര്‍ക്കാറും സംയുക്തമായി തുടങ്ങിയ സ്ഥാപനമാണ് ഗുജറാത്ത് അദാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. തുറമുഖം, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ബിസിനസ് നടത്തുന്ന ഗൗതം അദാനി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ ഇഷ്ട തോഴനെന്ന നിലയില്‍ പ്രശസ്തനാണ്. മോദി ഗുജറാത്ത് മുഖമന്ത്രിയായിരിക്കെയാണ് അദാനി-മോദി ബന്ധം വാര്‍ത്തകളില്‍ നിറയുന്നത്.
മോദി പ്രധാനമന്ത്രി ആയിട്ടും ബന്ധം ആ ബ്ന്ധം വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയിലും പത്താം സ്ഥാനത്ത് തുടരകയാണ് അദാനി.