ക്ലര്‍ക്ക് നിയമനം; ഗുജറാത്ത് മുന്‍സിപ്പല്‍ ആസ്പത്രിയില്‍ വനിതാ ട്രെയിനികളെ നഗ്നരാക്കി വൈദ്യപരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വനിത ഉദ്യോഗസ്ഥരെ പരിശോധനക്കായി ആസ്പത്രിയില്‍ നഗ്‌നരാക്കി നിര്‍ത്തിയതായി ആരോപണം. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പത്തോളം വനിതാ ട്രെയിനി ക്ലര്‍ക്കുമാരെയാണ് വൈദ്യപരിശോധന എന്നപേരില്‍ ആസ്പത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നഗ്‌നരാക്കി നിര്‍ത്തിയതെന്ന് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിക്കായെത്തിയ വനിതാ ട്രെയിനികള്‍ക്ക് നിര്‍ബദ്ധ പരിശോധന മാത്രമല്ല ‘സ്വകാര്യ’ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായും വന്നതായി പരാതിയുണ്ട്. ആസ്പത്രിയില്‍ ക്ലര്‍ക്ക് നിയമനത്തിന് മുന്നോടിയായാണ് പരിശോധയും അശ്ലീല ചോദ്യങ്ങളും ചോദിച്ചെതെന്നാണ് റിപ്പോര്‍ട്ട്. അവിവാഹിതരായ സ്ത്രീകള്‍ക്ക് പോലും ഗര്‍ഭ പരിശോധന നടത്തിയതായി സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എംപ്ലോയിസ് യൂണിയന്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചു.

സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സൂററ്റ് മുനിസിപ്പല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആസ്പത്രിയില്‍ ഫെബ്രുവരി 20 നാണ് വിവാദ പരിശോധന നടന്നത്.

അതേസമയം, ഗുജറത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദമായിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനവും അടുത്തിരിക്കെയാണ് ബിജെപി സര്‍ക്കാറിന് തിരിച്ചടിയായി പുതിയ സംഭവം.

അതേസമയം, ചട്ടപ്രകാരമുള്ള അത്തരം പരിശോധനയ്ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ വൈദ്യപരിശോധനയ്ക്കായി സ്വീകരിച്ച നിര്‍ബന്ധിത മാര്‍ഗം ശരിയായില്ലെന്നുമാണ് യൂണിയന്‍ ആരോപിച്ചു. പരിശോധനയ്ക്കായി മുറിയിലേയ്ക്ക് സ്ത്രീകളെ ഒന്നിനുപുറകെ ഒന്നായി വിളിക്കുന്നതിനുപകരം, വനിതാ ഡോക്ടര്‍മാര്‍ അവരെ സംഘമായി നഗ്‌നരാക്കി നിര്‍ത്തിയതാണ് വിവാദമായത്. ഇത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് യൂണിയന്‍ ആരോപിച്ചു. റിക്രൂട്ട് ചെയ്യപ്പെട്ട 10 സ്ത്രീകളെങ്കിലും മെഡിക്കല്‍ പരിശോധനയിലൂടെ കടന്നുപോയതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബഞ്ചനിധി പാനി ഉത്തരവിട്ടു. അന്വേഷണത്തിനായി മൂന്ന് അംഗ സമിതി രൂപവത്കരിച്ചു. 15 ദിവസത്തിനുള്ളില്‍ സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുജറാത്തിലെ ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത്. കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന 68 പെണ്‍കുട്ടിക്കെതിരായാണ് പ്രിന്‍സിപ്പലും സംഘവും പ്രാകൃത നടപടി നടത്തിയത്. പ്രിന്‍സിപ്പല്‍ റിത റാണിംഗയുടെ നേതൃത്വത്തിലുള്ള ജീവനക്കാര്‍ വിദ്യാര്‍ത്ഥിനികളെ വരിക്ക് നിര്‍ത്തിച്ച് പെണ്‍കുട്ടികള്‍ ആര്‍ത്തവ കാലത്തിലല്ലെന്ന് തെളിയിക്കാന്‍ നിര്‍ബന്ധിച്ചു അടിവസ്ത്രം അഴിപ്പിച്ച് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.