ഗുജറാത്ത് നിയമസഭ: രണ്ടാംഘട്ട ജനവിധി 69 ശതമാനം പോളിങ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായി. പലയിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. വഡോദര ജില്ലയിലെ സാല്‍വി നിയമസഭാ മണ്ഡലത്തില്‍ സംഘര്‍ഷത്തെതുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. ബാണസ്‌കന്ദ ജില്ലയിലെ ചനിയാന വില്ലേജില്‍ ബി.ജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് ഇടപെട്ട് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. ആനന്ദ് നിയമസഭാ മണ്ഡലത്തിലും സംഘര്‍ഷവും കല്ലേറും നടന്നു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. വോട്ടു രേഖപ്പെടുത്തിയ ശേഷം പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയതിനെച്ചൊല്ലിയും അസ്വാരസ്യം രൂപപ്പെട്ടു.

വഡോദര നഗരത്തിലെ മഞ്ജല്‍പൂരില്‍ പോളിങ് ബൂത്തിലെത്തും മുമ്പു തന്നെ തന്റെ വോട്ട് മറ്റാരോ ചെയ്‌തെന്ന വിവരം കേട്ട് ഒരാള്‍ ബോധരഹിതനായി. ഇയാളെ പിന്നീട് പോളിങ് ഓഫീസര്‍ പേപ്പര്‍ വോട്ടിന് അനുവദിച്ചു. വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ട് പിന്നീട് റദ്ദാക്കുമെന്നും പോളിങ് ഓഫീസര്‍ പറഞ്ഞു.

രണ്ടാംഘട്ട ജനവിധിയില്‍ 68.70 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഉത്തര, മധ്യ മേഖലയില്‍ വരുന്ന 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 851 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്നലെ വോട്ടുരേഖപ്പെടുത്തി. സബര്‍കന്ത ജില്ലയിലാണ് രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 77 ശതമാനം. 18നാണ് ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വോട്ടെണ്ണല്‍.