ഗുജറാത്ത് തെരഞ്ഞെടുപ്പ്; 15എം.എല്‍.എമാരെ വെട്ടി, മൂന്ന് മന്ത്രിമാരെ കൂട്ടി ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി ഇന്ന് പുറത്തിറക്കി. നിലവിലുള്ള 15 എം.എല്‍.എംമാരെ വെട്ടിയും മൂന്ന് പട്ടീദാര്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തിയുമാണ് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഇറക്കിയിട്ടുള്ളത്. കോണ്‍ഗ്രസ്സും-പട്ടീദാര്‍ വിഭാഗവുമുള്‍പ്പെടെ സര്‍ക്കാരിനെതിരെ ശക്തമായി മുന്നോട്ടുവരുന്നതിനിടെയാണ് പട്ടിക പുറത്തുവരുന്നത്.

മന്ത്രിമാരായ നാനു വാനാനി, ജയന്തി കാവടിയ, വല്ലഭ് വഗാഷ്യ എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. മുന്‍ മന്ത്രിയായ ആനന്ദി ബെന്‍ പട്ടേലിന്റെ അടുത്ത സുഹൃത്തും മുന്‍ മന്ത്രി കൂടിയായ വസുഭന്‍ ത്രിവേദി, ഐ,കെ ജഡേജ, ആനന്ദിബെന്‍ തുടങ്ങിയവര്‍ക്കും ലിസ്റ്റില്‍ ഇടമില്ല. സ്പീക്കര്‍ രാമന്‍ലാല്‍, മുന്‍ ഊര്‍ജ്ജമന്ത്രി സൗരഭ് പട്ടേല്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.സി ഫാല്‍ദ് തുടങ്ങിയവരെ മണ്ഡലം മാറ്റി പരീക്ഷിക്കാനുമാണ് ബി.ജെ.പിയുടെ തീരുമാനം. പട്ടീദാര്‍ വിഭാഗങ്ങള്‍ ശക്തമായ മണ്ഡലങ്ങളില്‍ അതീവശ്രദ്ധയോടെയാണ് ബി.ജെ.പിയുടെ നീക്കം. ഗുജറാത്തില്‍ ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടീദാര്‍ വിഭാഗം ഇളകിമറിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസക്കുറവ് വെളിപ്പെടുന്ന രീതിയിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാവുന്നത്. 182 മണ്ഡലങ്ങളിലേക്കുള്ള 134 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി നേരത്തെതന്നെ തെരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇതില്‍ നിലവിലുള്ള 30 എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയിട്ടില്ല. 20 പട്ടേല്‍ വിഭാഗക്കാരടക്കം 77 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതിനു ശേഷമാണ് ബി.ജെ.പിയുടെ മൂന്നാംഘട്ട പട്ടിക പുറത്തുവരുന്നത്.

ഡിസംബര്‍ 9നും 14 നുമായി രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ 18നറിയാം. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടങ്ങിയ നേതാക്കളെ ഒപ്പം കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.