അഹമ്മദാബാദ്: ഗുജറാത്ത് നയമസഭയിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. അക്രമസംഭവങ്ങള്‍ എവിടെയും റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന പരാതികള്‍ പലേടത്തും ശക്തമായിരുന്നു.
പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി തകരാറിലായതെന്നും മാറ്റിവച്ച യന്ത്രങ്ങള്‍ വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണെന്നുമായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം. രാവിലെ മന്ദഗതിയിലാരംഭിച്ച പോളിംഗ് ഉച്ചയോടെയാണ് ത്വരിതഗതിയിലായത്. എന്നാല്‍ ഉച്ചക്ക് ശേഷം വീണ്ടും പോളിങ് മന്ദഗതിയിലായി.
#Visuals from Rajkot: EVMs & VVPATs being sealed after first phase of polling ends in #GujaratElection2017 pic.twitter.com/3MBIGuVL42
— ANI (@ANI) December 9, 2017
182 അംഗസഭയില്‍ സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 977 സ്ഥാനാര്‍ത്ഥികളാണ് ഒന്നാംഘട്ടത്തില്‍ അങ്കത്തട്ടിലുള്ളത്. 24,689 പോളിങ് ബൂത്തുകളാണ് വോട്ടിങിനായി ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച സൗരാഷ്ട്ര, കച്ച് മേഖല ഇത്തവണ ആരെ തുണക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അറബിക്കടലിന്റെ തീരത്ത് 11 ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന സൗരാഷ്ട്രയിലും കച്ചിലുമായി 58 സീറ്റുകളാണുള്ളത്.
As Gujarat votes, 70 voting machines malfunction in Surat https://t.co/EEjn8jZiMe#GujaratElection2017 #AssemblyElections2017 pic.twitter.com/m6j3jfSuI0
— NDTV (@ndtv) December 9, 2017
2012ല്‍ ഇവിടെ 35 ഇടത്ത് ബി.ജെ.പിയും 20 ഇടത്ത് കോണ്‍ഗ്രസുമാണ് ജയിച്ചത്. ശേഷിച്ച മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിക്കും ഒന്ന് എന്‍.സി.പിക്കും ലഭിച്ചു. 2007ല്‍ ബി.ജെ.പി 43 ഇടത്തും കോണ്‍ഗ്രസ് 14 ഇടത്തുമാണ് ജയിച്ചിരുന്നത്.
അഭിപ്രായ സര്‍വേകള്‍ സംസ്ഥാത്ത് ബി.ജെ.പിക്കു തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ ഇരുകക്ഷികളും ഒപ്പത്തിനൊപ്പമെത്തുമെന്നും ശക്തമായ പോരാട്ടം നടക്കുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. 14നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 14 ജില്ലകളിലെ 93 സീറ്റുകളാണ് 14ന് വിധിയെഴുതുക. 18നാണ് വോട്ടെണ്ണല്‍.