അഹമ്മദാബാദ്: കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രോഗവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തത് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജയ് രൂപാണി നേതൃത്വം വഹിക്കുന്ന ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നീക്കം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ആകെ കൊവിഡ് രോഗികളുടെ എണ്ണം ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. കൊവിഡ് 19 രോഗികളുടെ എണ്ണം ഇനി ദിനംപ്രതി പ്രസിദ്ധപ്പെടുത്തില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പകരം രോഗം ഭേദമായവരുടെ എണ്ണം പ്രസിദ്ധീകരിക്കും. ദിവസേനയുള്ള വാര്‍ത്താസമ്മേളനവും അറിയിപ്പും ഒഴിവാക്കി. ഭേദമായവരുടെ എണ്ണത്തിനാണ് സംസ്ഥാനം പ്രാമുഖ്യം നല്‍കുന്നതെന്നും സംസ്ഥാനം വ്യക്തമാക്കി. അതേസമയം, കൊവിഡ് മരണങ്ങളുടെ പേരില്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഈ മാറ്റമെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ നാലാമതും മരണനിരക്കില്‍ രണ്ടാമതുമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ മരണനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കോവിഡ് വിവരത്തിലെ പിശക് വിവാദമായതോടെ ഇതിനെതിരേ ഉയര്‍ന്ന പരാതിയിലാണ് ഹൈക്കോടതി ഐ.സി.എം.ആറിനോട് വിശദീകരണം തേടിയത്. ഗുജറാത്തില്‍ 6.1 ശതമാനമാണ് മരണനിരിക്ക് . അഹമ്മദാബാദില്‍ ഇത് 6.8 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയെക്കാളും കൂടുതലാണ് ഗുജറാത്തിലെ മരണ നിരക്ക്. ഇത് രോഗ പരിശോധന ശരിയായി നടക്കാത്തതിനാലാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാനത്ത് മരിച്ചവരുടെ അടുത്ത ബന്ധുക്കളെപ്പോലും പരിശോധിക്കുന്നില്ലെന്നാണ് വിമര്‍ശനം. കോവിഡ് ബാധിതര്‍ക്ക് രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന പുതിയ നയം സ്വീകരിച്ചതോടെ സംസ്ഥാനത്ത് രോഗമുക്തരുടെ എണ്ണവും കൂടിയിരിക്കുയാണ്. ഇവരെ പരിശോധനയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ഗുജറാത്തില്‍ മരണ സംഖ്യ ആയിരം കടന്നു. ഏതാനും ദിവസമായി ആരോഗ്യവകുപ്പ് പത്രസമ്മേളനങ്ങളും ഉപേക്ഷിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം ഇപ്പോള്‍ മാധ്യമങ്ങളാണ് കണക്കൂകൂട്ടി എടുക്കുന്നത്.
കോവിഡ് മരണങ്ങളില്‍ രാജ്യത്ത് രണ്ടാമത്തെ സംസ്ഥാമാണ് ഗുജറാത്ത്. ശനിയാഴ്ച വൈകി 5 വരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അവസാനിച്ച 24 മണിക്കൂറിനുള്ളില്‍ ഗുജറാത്തില്‍ 412 പോസിറ്റീവ് കേസുകളും 27 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 1,007 ഉം ആയി. സംസ്ഥാനത്തെ കോവിഡ് വ്യാപനം 16,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലത്തെ 412 പോസിറ്റീവ് കേസുകള്‍കൂടി ആയതോടെ ആകെ കേസുകള്‍ 16,356 ആയി. ഇതോടെ 16,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തരാജ്യത്തെ നാലാമത്തെ സംസ്ഥാനമായി ഗുജറാത്ത് മാറി. ഗുജറാത്തിലെ മൊത്തം മരണങ്ങളില്‍ 81.6 ശതമാനവും അഹമ്മദാബാദ് ജില്ലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് കേസുകള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദിവസേനയുള്ള പത്രസമ്മേളനങ്ങള്‍ നിര്‍ത്തുകയും വെബ്സൈറ്റില്‍ നിന്ന് വിവരം നീക്കുകയും ചെയ്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.