ലോക്ക്ഡൗണ്‍ ലംഘനം; ബിജെപി മന്ത്രി പുത്രനെ വിറപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലമാറ്റി

സൂറത്ത്:ലോക്ക്ഡൗണിനിടെ മന്ത്രിപുത്രനെയും സംഘത്തെയും തടഞ്ഞ സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബളിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ സൂറത്തിലാണ് വിവാദത്തിന് കാരണമായ സംഭവം

വരാച്ച റോഡ് എംഎല്‍എയും ആരോഗ്യസഹമന്ത്രിയുമായ പ്രകാശ് കനാനിയുടെ മകനും സംഘവും ആണ് ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനത്തില്‍ ചുറ്റിയടിച്ചത്. ഇവര്‍ മാസ്‌ക് ധരിക്കാനും തയ്യാറായിരുന്നില്ല. ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് വനിതാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.

മകനെയും സംഘത്തിനെയും പൊലീസ് തടഞ്ഞതിന് പിന്നാലെ മകന്‍ അച്ഛനെ ഫോണില്‍ വിളിച്ചു. ഉടന്‍ തന്നെ മന്ത്രി സ്ഥലത്തെത്തുകയും പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 365 ദിവസവും ഒരിടത്ത് ജോലി ചെയ്യാമെന്ന് കരുതേണ്ടെന്നായിരുന്നു മന്ത്രിയുടെ ഭീഷണി. എന്നാല്‍ താന്‍ നിങ്ങളുടെ അടിമയല്ലെന്നായിരുന്നു വനിതാ പൊലീസിന്റെ മറുപടി. ഇവര്‍ തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. സംഭവത്തിന് പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റി. അറസ്റ്റ് ചെയ്ത മന്ത്രി പുത്രനെയും സംഘത്തെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

SHARE