ഗുജറാത്ത് എംഎല്‍എക്ക് കോവിഡ്; പുതിയ 33 കേസുകള്‍; മരണസംഖ്യ 28 ആയി

സൂറത്ത്: ഗുജറാത്തില്‍ കൊറോണ വൈറസ് മൂലം 2 മരണങ്ങള്‍ കൂടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 28 ആയി ഉയര്‍ന്നു. 33 പുതിയ പോസിറ്റീവ് കേസുകള്‍ ഇന്ന് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 650 ആയി. ഇതില്‍ 59 പേര്‍ക്ക് രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ഗുജറാത്തില്‍ 50 ശതമാനത്തിലധികം കേസുകള്‍ അഹമ്മദാബാദില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദില്‍ 350 ലധികം കൊറോണ വൈറസ് പോസിറ്റീവ് കേസുകളുണ്ട്. ഇവിടെ ഡാനിലിംഡ പ്രദേശങ്ങളില്‍ നിന്നാണ് കൂടതല്‍ കേസുകളെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.

അതേസമയം, ഇന്ന് കോവിഡ് പോസിറ്റീവ് സ്്ഥിരീകരിച്ചവരില്‍ ഗുജറാത്തിലെ ഒരു എംഎല്‍എയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ ഒരു എംഎല്‍എക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് ചാവ്ദ പറഞ്ഞു.

അമല്‍പൂര്‍-ഖാദിയ മണ്ഡലത്തിലെ എംഎല്‍എക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. കോണ്‍ഗ്രസ് നിയമസഭാംഗമായ ഇമ്രാന്‍ ഖെദാവാല ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപനിയേയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെയും സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുളുണ്ട്. ഇത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

അതേസമയം, മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലെ സൂറത്തിലും അഹമ്മദാബാദിലും കുടിയേറ്റ തോഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതും ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടിയായി.
ഏപ്രില്‍ 14ല്‍ നിന്നും ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടിയതിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. സ്റ്റേഷന്‍ പരിസരത്ത് ആയരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഒരുമിച്ചുകൂടിയത്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.