കോവിഡ് ബാധിതനായ എംഎല്‍എയുമായി കൂടികാഴ്ച്ച; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പരിശോധനയ്ക്ക് വിധേയനാകും

അഹമ്മദാബാദ്: കോവിഡ് 19 സ്ഥിരീകരിച്ച എംഎല്‍എയുമായി കൂടികാഴ്ച്ച നടന്ന സാഹചര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മുന്‍കരുതല്‍ നടപടിയായി നാളെ കോവിഡ് -19 പരിശോധനയ്ക്ക് വിധേയനാകും. ഇന്ന് കോവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെദാവാലയുമായി ഇന്നു രാവിലെയാണ് മുഖ്യമന്ത്രി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും കൂടികാഴ്ച നടത്തിയത്. ഈ സാഹചര്യത്തിലാണ് ആശങ്ക ഒഴുവാക്കാന്‍ പരിശോധനയ്ക്ക് വിധേയനാകുന്നത്.

മുഖ്യമന്ത്രി വിജയ് രൂപാനിക്ക് പുറമെ ഖെദാവാലയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ ആളുകളേയും നിരീക്ഷണത്തിന് വിധേയമാക്കാനും ബന്ധപ്പെട്ടവരെ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.

അമല്‍പൂര്‍-ഖാദിയ മണ്ഡലത്തില്‍ നിന്നുള്ള. കോണ്‍ഗ്രസ് നിയമസഭാംഗമായ ഇമ്രാന്‍ ഖെദാവാലക്ക് ഇന്ന് വൈകീട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലനില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത എംഎല്‍എ മുന്‍കരുതലിന്റെ ഭാഗമായി പരിശോധനക്ക് വിധേയനാവുകയായിരുന്നു. പരിശോധനഫലം വരുന്നതിന് മുമ്പേ ഔദ്യോഗികാവിശ്യാര്‍ത്ഥമാണ് എംഎല്‍എ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും സന്ദര്‍ശിച്ചത്. അതേസമയം എംഎല്‍എയുടെ രോഗ നിര്‍ണ്ണയം മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം,  ഗുജറാത്തില്‍ കൊറോണ വൈറസ് മൂലം 2 മരണങ്ങള്‍ കൂടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 28 ആയി ഉയര്‍ന്നു. 33 പുതിയ പോസിറ്റീവ് കേസുകള്‍ ഇന്ന് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 650 ആയി. ഇതില്‍ 59 പേര്‍ക്ക് രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.