ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് അയിത്തം; പ്രത്യേക കെട്ടിടത്തില്‍ മുറി കൊടുത്ത് ബി.ജെ.പി സര്‍ക്കാര്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് മന്ത്രിക്ക് മറ്റൊരു കെട്ടിടത്തില്‍ മുറി നല്‍കി വിവേചനം കാണിച്ച് ബി.ജെ.പി സര്‍ക്കാര്‍. ഗുജറാത്തിലെ ഏകദളിത് മന്ത്രിയായ ഈശ്വര്‍ പര്‍മാറിനാണ് പ്രത്യേക കെട്ടിടത്തില്‍ മുറി നല്‍കിയത്. സ്വര്‍ണം സങ്കുല്‍ കെട്ടിടത്തിലെ ബ്ലോക്ക് രണ്ടിലാണ് പാര്‍മാറിന്റെ ഓഫീസ്.

മറ്റു മന്ത്രിമാര്‍ക്ക് ബ്ലോക്ക് ഒന്നിലാണ് ഓഫീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ദളിത് മന്ത്രിയായ ഈശ്വര്‍ പാര്‍മറിന് മറ്റൊരു കെട്ടിടത്തില്‍ മുറി നല്‍കുകയായിരുന്നു. നടപടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമാവുകയും ചെയ്തു. വിവാദത്തെത്തുടര്‍ന്ന് തനിക്ക് താല്കാലികമായാണ് ബ്ലോക്ക് രണ്ടില്‍ മുറി നല്‍കിയിരിക്കുന്നതെന്ന് ഈശ്വര്‍ പര്‍മാര്‍ പറഞ്ഞു. മന്ത്രിമാരുടെ എണ്ണക്കൂടുതല്‍കൊണ്ടാണ് മുറി ഇങ്ങനെ തന്നത്. വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പ്രതികരിച്ചു.

വിജയ് രൂപാനിയാണ് ഗുജറാത്ത് മുഖ്യമന്ത്രി. 100 അംഗബലത്തോടെയാണ് ബി.ജെ.പി ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.