ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം; മോദിയെ റഫേലില്‍ കുരുക്കി രാഹുല്‍ ഗാന്ധി

ദഹേഗാം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിയത് റഫേല്‍-ജയ്ഷാ വിഷയങ്ങളിലെ സത്യം ജനങ്ങള്‍ അറിയുമെന്ന ഭയം കൊണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫേല്‍ വിഷയത്തില്‍ തനിക്ക് മൂന്നു ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്നും രാഹുല്‍ പറഞ്ഞു.

ഒന്നാമത്തേത് ഫ്രഞ്ച് കമ്പനിയായ റഫേലിലുമായി ഒപ്പുവെച്ച ആദ്യത്തെ കരാറും രണ്ടാമത്തെ കരാറും തമ്മില്‍, വിമാനങ്ങളുടെ വിലയില്‍ എന്തുമാറ്റമാണ് ഉള്ളത്. ആദ്യത്തേതിനാണോ രണ്ടാമത്തേതിനാണോ കൂടുതല്‍ തുക ചെലവഴിക്കുന്നത്? രണ്ടാമതായി, കരാര്‍ ലഭിച്ച കമ്പനി ഏതെങ്കിലും കാലത്ത് വിമാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? മൂന്നാമതായി, ഒരു വിദേശ കമ്പനിയുമായി പ്രതിരോധ കരാര്‍ ഒപ്പുവെക്കേണ്ട നടപടി ക്രമങ്ങള്‍ നിങ്ങള്‍ പാലിച്ചിട്ടുണ്ടോ? കരാറിന് മുമ്പ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് സമിതിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ? – എന്നിവയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍.

ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ മോദി ഭയക്കുകയാണ്. പാര്‍ലമെന്റില്‍ ഇതിന്റെ സത്യം പുറത്തുവരുമെന്ന് അദ്ദേഹത്തിന് ഭയമുണ്ട്. റഫേല്‍ വിഷയം വ്യോമസേനയുമായും രാജ്യസുരക്ഷയുമായും ബന്ധപ്പെട്ട വിഷയവുമാണ്. ഈ രാജ്യത്തെ ജനങ്ങളോട് മോദി ഇതിന് മറുപടി പറയേണ്ടതുണ്ട്- ഗാന്ധിനഗര്‍ ജില്ലയില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ അദ്ദേഹം പറഞ്ഞു.

തന്നോട് ചോദ്യം ചോദിക്കുന്ന പോലെ ആരും മോദിയോട് ചോദിക്കാത്തതെന്തെന്നും രാഹുല്‍ ചോദിച്ചു. മോദി ഗുജറാത്തില്‍ ധാരാളമായി വരുന്നുണ്ട്. തന്നോട് മാധ്യമങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്തു കൊണ്ട് റഫേല്‍, ജയ്ഷാ വിഷയത്തില്‍ മാധ്യമങ്ങള്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. അദ്ദേഹത്തോട് ചോദിക്കണം- രാഹുല്‍ ആവശ്യപ്പെട്ടു.

കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനം നരേന്ദ്രമോദി മാര്‍ക്കറ്റിങ് മോഡലാണെന്നും രാഹുല്‍ പരിഹസിച്ചു. ഈ മാതൃക പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന് പറഞ്ഞ രാഹുല്‍ നിലവില്‍ ഗുജറാത്തിലെ ഭരണം 510 വ്യവസായികള്‍ക്ക് മാത്രമായി ചുരുങ്ങിയെന്നും കുറ്റപ്പെടുത്തി. സംസ്ഥാനം കര്‍ഷകരുടേതും തൊഴിലാളികളുടേതും ചെറുകിട കച്ചവടക്കാരുടേതും കൂടിയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗരാഷ്ട്രയിലും ഉത്തര ഗുജറാത്തിലും 27 മുതല്‍ 29 വരെ എട്ട് റാലികളില്‍ മോദി പങ്കെടുക്കാനിരിക്കെയാണ് രാഹുലിന്റെ പരാമര്‍ശം.