വിവാദങ്ങളില്‍ അവസാനിച്ച് നിശബ്ദ പ്രചാരണവും; ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ശനിയാഴ്ചയായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ്. അതിനുശേഷം ഇരുപാര്‍ട്ടികളും ശക്തമായ പ്രചരണമാണ് നടത്തിയത്. 2.22കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുന്നത്. പോളിങ് പൂര്‍ത്തിയായ ശേഷം വൈകുന്നേരം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

ഇന്നലെ നിശബ്ദപ്രചാരണ ദിവസമായിരുന്നിട്ടും വിവാദങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്‍കിയ അഭിമുഖം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. രാഹുല്‍ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസും ലഭിച്ചു. കമ്മീഷന്റെ മോഡല്‍ കോഡ് ഓഫ് കണ്ടക്ട് പ്രകാരം അഭിമുഖങ്ങള്‍ ചാനലുകള്‍ക്ക് നല്‍കുന്നത് അനുവദനീയമല്ല. ഇത്തരം അഭിമുഖങ്ങള്‍ നല്‍കുന്നത് ഗുരുതരമായ ചട്ടലംഘനമാണ്. എന്നാല്‍ ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്‍കിയ രാഹുലിന്റെ അഭിമുഖം രണ്ടാംഘട്ട വോട്ടെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംപ്രേക്ഷണം ചെയ്തത്. അഭിമുഖത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്നും ബി.ജെ.പിക്ക് ഗുജറാത്തിനെകുറിച്ചുള്ളത് നല്ല കാഴ്ചപ്പാടല്ലെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.

നോട്ടീസിന്റെ മറുപടി ഡിസംബര്‍ 18നകം നല്‍കണമെന്നും അല്ലാത്തപക്ഷം തുടര്‍നടപടികള്‍ കമ്മീഷന്‍ കൈക്കൊള്ളുമെന്നും നോട്ടീസില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടം സെക്ഷന്‍ 126 (1) (ബി) വകുപ്പുകള്‍ ലംഘനം ചുമത്തി കേസെടുക്കാനും ഉത്തരവിട്ടുണ്ട്. അതേസമയം ഇത്തരം അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയുന്ന ചാനലുക്കള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, റോഡ്‌ഷോക്കുള്ള അനുമതി നിഷേധിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സബര്‍മതി നന്ദിയില്‍ നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി രണ്ടാംഘട്ട പരസ്യപ്രചാണം നടത്തിയത് വിവാദത്തിലായി. പണം നല്‍കിയാണ് അണികളെ എത്തിച്ചതെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഭൂഷണ്‍ ഭട്ടിന്റെ ആഹ്വാനത്തില്‍ നിന്നും വ്യക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

മെഹ്‌സാനയില്‍ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍, വഡ്ഗാമില്‍ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി രാധന്‍പൂരില്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരാണ് രണ്ടാംഘട്ട വോട്ടെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. അധികാരം നിലനിര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി കച്ചകെട്ടിയിട്ടുള്ളതും. നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയായിരിക്കും ഗുജറാത്തിലെ വിജയം. അടുത്ത തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.