ഗുജറാത്ത്: 80 സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
അതേ സമയം കോണ്‍ഗ്രസുമായി സമവായത്തിലെത്തിയ ഹര്‍ദിക് പട്ടേലിന്റെ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി (പി.എ.എ.എസ്)ക്ക് 20-25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി 182 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ചര്‍ച്ച ചെയ്തു.
മത്സരിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഹര്‍ദിക് പട്ടേലിന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ദികിന്റെ പട്ടിക ലഭിച്ച ശേഷമായിരിക്കും കോണ്‍ഗ്രസിന്റെ അന്തിമ പട്ടിക പുറത്തു വിടുകയെന്നാണ് ലഭിക്കുന്ന വിവരം.

കോണ്‍ഗ്രസിലെ പട്ടേല്‍ നേതാക്കള്‍ 60 സീറ്റുകള്‍ അല്ലെങ്കില്‍ 33 ശതമാനമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ബി.ജെ.പിയുടെ പ്രധാന വോട്ടു ബാങ്കായ പട്ടേല്‍ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഇത് ആവശ്യമാണെന്നാണ് ഇവരുടെ വാദം. ഈ ആവശ്യമുന്നയിച്ച് വിജാപൂര്‍ എം. എല്‍. എ പ്രഹ്ലാദ് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ നേതാക്കള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ. ഐ. സി.സി സെക്രട്ടറി അശോക് ഗെലോട്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 50 സീറ്റുകളില്‍ പട്ടീദാറുമാരെ പരിഗണിക്കാന്‍ രാഹുല്‍ സമ്മതിച്ചതായാണ് സൂചന. സോണിയ ഗോവയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം 16ന് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തുവിടും.

SHARE