ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി അധികാരത്തില്‍ തുടരുമെന്ന് സര്‍വ്വേ

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം അവസാനിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയം പ്രഖ്യാപിച്ച് ടൈസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം പുറത്ത്. ബി.ജെ.പി 111 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. നവംബര്‍ 23നും 30നും ഇടയില്‍ 684 ബൂത്തുകളില്‍ 6000പേരെ അഭിമുഖം നടത്തിയാണ് പ്രവചനം തയ്യാറാക്കിയതെന്ന് ടൈംസ് നൗ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 68 സീറ്റുകള്‍ കിട്ടുമെന്നുമാണ് സര്‍വ്വേ പ്രവചനം. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെക്കാള്‍ ഏഴ് സീറ്റുകള്‍ കൂടുതല്‍ ലഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്സിന് ഭരണത്തിലെത്താനാവില്ലെന്നാണ് സര്‍വ്വേഫലം പറയുന്നത്. ടൈംസ് നൗ സര്‍വ്വേക്ക് പുറമെ ഇന്ത്യാ ടി.വി വി.എം.ആര്‍. സര്‍വേയും ബി.ജെ.പി.ക്ക് വിജയം പ്രവചിക്കുന്നു. ബി.ജെ.പി.ക്ക് 106-116 സീറ്റുകളും കോണ്‍ഗ്രസിന് 63-73 സീറ്റുകളുമാണ് ഇവര്‍ കണക്കാക്കുന്നത്. എല്ലാ സര്‍വേകളും സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്നു.

ഡിസംബര്‍ ഒമ്പതിനും 14-നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഫലം 18നാണ് പുറത്തുവരിക. 182 അംഗ നിയമസഭയില്‍ ബി.ജെ.പി.ക്ക് 115 ഉം കോണ്‍ഗ്രസിന് 61ഉം സീറ്റുകളാണ് നിലവിലുള്ളത്.