നട്ടെല്ലുണ്ടെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ സ്വന്തം പാര്‍ട്ടി രൂപീകരിക്കണം: രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്രഗുഹ. നട്ടെല്ലുണ്ടെങ്കില്‍ ബി.ജെ.പിയില്‍ ചേരാതെ അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിക്കണമെന്ന് ഗുഹ ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയെയും ശരദ് പവാറിനെയും പോലെ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയാണ് സിന്ധ്യ ചെയ്യേണ്ടതെന്ന് ഗുഹ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

മധ്യപ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസമാണ് സിന്ധ്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 22 എം.എല്‍.എ മാരും രാജിവച്ചത്. രാജിക്കു മുമ്പായി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിന്ധ്യ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് രാജ്യസഭാ എം.പി സ്ഥാനവും കേന്ദ്രമന്ത്രി പദവിയും നല്‍കിയേക്കുമെന്നാണ് വിവരം.

SHARE