ജി.എസ്.ടി: എട്ട് മാസത്തിനിടെ കേന്ദ്രത്തിന് ലഭിച്ചത് 3.21 ലക്ഷം കോടി

 

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വരുമാനമായി ലഭിച്ചത് 3,21,248.79 ലക്ഷം കോടി രൂപ. സെന്‍ട്രല്‍ ഗുഡ് ആന്റ് സര്‍വീസ് ടാക്‌സ് (സി.ജി.എസ്.ടി), ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് (ഐ.ജി.എസ്.ടി), സെസ് എന്നിവ ഉള്‍പ്പെടെയാണ് കേന്ദ്ര സര്‍ക്കാരിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 3.21 ലക്ഷം കോടി രൂപയിലധികം വരുമാനമായി പിരിഞ്ഞു കിട്ടിയത്. സംസ്ഥാന വിഹിതമായ എസ്.ജി.എസ്.ടി റവന്യൂ ഉള്‍പ്പെടാതെയാണിത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ധന്‍രാജിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇതുവരെയുള്ള ജി.എസ്.ടി കണക്കുകള്‍ വെളിപ്പെടുത്തിയത്. 1.2 ലക്ഷം കോടി (102579.48) രൂപയാണ് സി.ജി.എസ്.ടി ഇനത്തിലെ ആകെ വരുമാനം. ഐ.ജി.എസ്.ടി ഇനത്തില്‍ 1.69 ലക്ഷം കോടി (169052.7) രൂപയും സെസ് ഇനത്തില്‍ 49,616.61 കോടി രൂപയും ലഭിച്ചു.
മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതല്‍ ജി.എസ്.ടി വരുമാനം ലഭിച്ചത്. 60036.48 കോടി. സി.ജി.എസ്.ടി ഇനത്തിലും (23537.86 കോടി), ഐ.ജി.എസ്.ടി ഇനത്തിലും (29836.88) സെസ് ഇനത്തിലും (6661.7) മഹാരാഷ്ട്ര തന്നെ ഒന്നാം സ്ഥാനത്തെത്തി. 29,193.28 കോടി രൂപയുമായി കര്‍ണാടകയാണ് ആകെ ജി.എസ്.ടി വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഗുജറാത്തില്‍ നിന്ന് 26,720.62 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ വരുമാനമായി ലഭിച്ചു. 4728.95 കോടി രൂപ ജി.എസ്.ടി ഇനത്തില്‍ പിരിച്ച കേരളം പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്. സി.ജി.എസ്.ടി ഇനത്തില്‍ 3024.59 കോടി രൂപയും ഐ.ജി.എസ്.ടി ഇനത്തില്‍ 1638.03 കോടി രൂപയും സെസ് ഇനത്തില്‍ 66.33 കോടി രൂപയുമാണ് കേരളത്തില്‍ നിന്ന് ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തിന് ആകെ ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ ജി.എസ്.ടി വരുമാനം, 3.21 കോടി രൂപ. തമിഴ്‌നാട് (25502.19), ഹരിയാന (25037.07), ഉത്തര്‍ പ്രദേശ് (22113.82), ഡല്‍ഹി (16208.82), തെലങ്കാന (12915.28), പശ്ചിമ ബംഗാള്‍ (12094.45), ജാര്‍ഖണ്ഢ് (9783.34), ഒഡീഷ (9503.06), മധ്യപ്രദേശ് (9394.45), ഛത്തീസ്ഗഢ് (8850.6), ആന്ധ്രപ്രദേശ് (8001.98), ഉത്തരാഖണ്ഢ് (7714.06), പഞ്ചാബ് (5333.46) എന്നീ സംസ്ഥാനങ്ങള്‍ ജി.എസ്.ടി വരുമാന പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ ഇടം നേടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച ജി.എസ്.ടി വരുമാന കണക്ക് ഇങ്ങനെ (തുക കോടിയില്‍): ആന്‍ഡമാന്‍ നിക്കോബര്‍-59.16, അരുണാചല്‍ പ്രദേശ്-45.08, അസം-2740.78, ബിഹാര്‍-2725.23, ഛണ്ഢിഗഡ്-723.73, ദാദ്ര ആന്റ് നാഗര്‍ഹവേലി-948.45, ദാമന്‍ ആന്റ് ദിയു-697.75, ഗോവ-1634.13, ഹിമാചല്‍ പ്രദേശ്-3836.42, ജമ്മു കാശ്മീര്‍-1175.63, മണിപ്പൂര്‍-38.03, മേഘാലയ-420.15, മിസോറം-24.18, നാഗാലാന്റ്-54.18, പോണ്ടിച്ചേരി-955.32, സിക്കിം-951.49, ത്രിപുര-119.41.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തിയിരുന്ന ഒട്ടേറെ നികുതികള്‍ ഒറ്റ നികുതിയാക്കി മാറ്റി കഴിഞ്ഞ ജൂലൈയിലാണ് ജി.എസ്.ടി സംവിധാനം രാജ്യമൊട്ടാകെ നടപ്പില്‍ വന്നത്. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനത്തിനുള്ളില്‍ നടത്തുന്ന കൈമാറ്റത്തിന്‍ മേല്‍ കേന്ദ്രം ചുമത്തുന്ന നികുതിയാണ് സി.ജി.എസ്.ടി. അന്തര്‍ സംസ്ഥാന കൈമാറ്റങ്ങള്‍ക്കാണ് ഐ.ജി.എസ്.ടി നികുതി ചുമത്തുന്നത്.

SHARE