ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ശക്തിയായി നോക്കിക്കണ്ട ഇന്ത്യ, കടുത്ത പ്രതിസന്ധിയിലേക്ക് ആപതിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാധാരണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക ലഭിച്ച ഇരട്ട ഇരുട്ടടിയാണ് നോട്ടുനിരോധനവും ജി.എസ്.ടിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നോട്ട് നിരോധനത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ചെറുകിട, കാര്‍ഷിക, വ്യവസായ മേഖലകള്‍ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോഴാണ് ജി.എസ്.ടിയുടെ വരവ്. നികുതികളെല്ലാം ഒഴിവാക്കി നികുതിയെക്കുറിച്ചുള്ള സംസാരം ഒഴിവാക്കാനാണ് ജി.എസ്.ടി കൊണ്ടുവന്നതെന്നാണ് വാദം. എന്നാല്‍ രാജ്യത്ത് ജനങ്ങള്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത് നികുതിയെക്കുറിച്ചാണ്. സംസ്ഥാനത്ത് നിക്ഷേപസൗഹൃദ അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ നയം പ്രഖ്യാപിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മലപ്പുറത്ത് നടന്ന ഇക്കണോമിക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലോകത്ത് അടുത്തതായി ഉയര്‍ന്നു വരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്ന സാഹചര്യം വളരെ ഗൗരവത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കിക്കണ്ടിരുന്നത്. ആ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആപതിക്കുകയാണെന്നാണ് സ്ഥിതി വിവര കണക്കുകളും വാര്‍ത്തകളും പറഞ്ഞു കൊണ്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യം ഇന്ത്യയെ തുറിച്ചു നോക്കുന്നു. രാജ്യം ഭരിക്കുന്ന ഭരണ കൂടത്തിന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങളാണ് ഈ ദുരവസ്ഥയിലേക്കു നയിച്ചിട്ടുള്ളത്. ഒരു രാത്രി പ്രഖ്യാപിച്ച നോട്ടു നിരോധനം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ സഹിക്കാമെന്ന് വെക്കാം. പക്ഷേ അത് രാജ്യത്തിനേല്‍പിച്ച ആഘാതങ്ങള്‍ ആര്‍ക്കാണ് തിരുത്താനാവുക. ജി.ഡി.പി വളര്‍ച്ച താഴോട്ട് പോയി. അതിനു ശേഷം മറ്റൊരു രാത്രിയാണ് ജി.എസ്.ടി കൊണ്ടു വന്നത്. തീരെ അവധാനത ഇല്ലാതെ കൊണ്ടു വന്ന പരിഷ്‌കാരം. രണ്ടു രാത്രികളിലായി ഇടിത്തീ വീഴുകയായിരുന്നു രാജ്യത്തിനു മേല്‍. നമ്മുടെ സംസ്ഥാനവും ഈ പ്രതിസന്ധിയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്ന് പിടയുകയാണ്. സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖല തരിപ്പണമാവുന്നു. ഏത് അളവുകോലില്‍ നോക്കിയാലും ലോക നിലവാരത്തില്‍ നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച പ്രദേശമാണ് കേരളം. പക്ഷേ നമ്മുടെ ആളോഹരി വരുമാനത്തിന്റെ കാര്യം തൃപ്തികരമല്ല. പ്രവാസ ജീവിതത്തില്‍ നിന്ന് മടങ്ങി വരുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗൗരവമായ സമീപനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. ഈ പ്രതിസന്ധികള്‍ മറികടക്കുന്നതിന് ഇച്ഛാശക്തിയോടെ ഇടപെടുന്നതിന് സര്‍ക്കാരുകള്‍ തയാറാവേണ്ടിയിരിക്കുന്നു.