ഒടുവില്‍ ജി.എസ്ടി നിരക്ക് കുറച്ച് കേന്ദ്രസര്‍ക്കാര്‍; രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാല്‍പത് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 28 ശതമാനം നികുതി സ്ലാബിലുള്ള ഏഴ് ഉത്പന്നങ്ങളുടെ നികുതി നിരക്ക് 18 ശതമാനമാക്കിയും 18 ശതമാനം നികുതിയുള്ള 33 ഉത്പന്നങ്ങളുടെ നികുതി നിരക്ക് 12ഉം 5 ഉം ശതമാനമാക്കിയുമാണ് കുറച്ചത്. ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ജി.എസ്.ടിക്ക് കീഴിലുള്ള 98 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനം നികുതി നിരക്കിന് താഴേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം പരിഗണിച്ചത്. ആഢംബര വസ്തുക്കള്‍ക്ക് നികുതി കുറക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടാണ് കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും സ്വീകരിച്ചിരുന്നത്. അതേസമയം സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നികുതി കുറക്കുന്നതിന് ഈ സംസ്ഥാനങ്ങള്‍ അനുകൂലിക്കുകയും ചെയ്തു.

അതേസമയം ഏതെല്ലാം വസ്തുക്കളുടെ നികുതിയാണ് ജി.എസ്.ടി കൗണ്‍സില്‍ കുറച്ചതെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം ജി.എസ്.ടി നിരക്ക് കുറിച്ച വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജി.എസ്.ടി കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയായ ജി.എസ്.ടി ബില്ലിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ ശക്തമായ നിലപാടുകള്‍ എടുത്തിരുന്നു. “ഗബ്ബര്‍ സിങ് ടാക്‌സ്” എന്നായിരുന്നു രാഹുലിന്റെ കടുത്ത വിമര്‍ശനം. “ഗ്രാന്റ് സ്റ്റുപ്പിഡ് തോട്ട്” എന്ന വിമര്‍ശവുമായി കഴിഞ്ഞ ദിവസവും രാഹുല്‍ രംഗത്തെത്തിയിരുന്നു. ജനവിരുദ്ധ നയങ്ങള്‍ മാറ്റാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ വിടില്ലെന്നും രാഹുല്‍ വെല്ലുവിളിയുയുര്‍ത്തി.

അതേസമയം എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയ ശേഷമാവും കുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് ജിഎസ്ടി കൗണ്‍സില്‍ പങ്കെടുത്ത സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.