വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു

ഭുവനേശ്വര്‍: വിവാഹ വിരുന്നിന് ലഭിച്ച സമ്മാനം തുറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ വധുവിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഒഡീഷയിലെ ബൊലംഗീറില്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്‍ ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്.

ഈമാസം 18നായിരുന്നു വിവാഹം. തുടര്‍ന്ന് 21ാം തിയതി നടത്തിയ സത്ക്കാരത്തിനിടെ വിവാഹ സമ്മാനപ്പൊതി തുറക്കുമ്പോള്‍ ആയിരുന്നു പൊട്ടിത്തെറി.

ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. നവവരനെ ബൊലംഗീര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വധു ഗുരുതരനിലയില്‍ ബര്‍ലയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.


കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് ഫെബ്രുവരി 21ന് നടത്തിയ വിവഹ റിസപ്ഷനില്‍ ലഭിച്ച സമ്മാനപ്പൊതിയാണ് പൊട്ടിത്തെറിച്ചത്. റിസപ്ഷന് ശേഷം വീട്ടിലെത്തിച്ച സമ്മാനപൊതി തുറക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. സമ്മാനപെട്ടിക്കുള്ളില്‍ എന്തുതരം സ്‌ഫോടന വസ്തുവാണ് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ആരാണ് സമ്മാനം നല്‍കിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പാട്‌നഗര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സെസദേവ ബാരിഹ പറഞ്ഞു.