കാലിഫോര്‍ണിയ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവരങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി പ്രമുഖ ഡേറ്റാ സര്‍വീസ് കമ്പനിയായ ഗ്രേസ്നോട്ട്. ഇതാദ്യമായി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത ബ്രസീലിനാണെന്ന് ഗ്രേസ്നോട്ട് പറയുന്നു. സ്പെയിന്, ജര്‍മനി, അര്‍ജന്റീന തുടങ്ങിയവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഗ്രേസ്നോട്ടിനു പുറമെ പ്രമുഖ ബെറ്റിങ് കമ്പനികളെല്ലാം ബ്രസീല്‍ കപ്പടിക്കുമെന്നാണ് പ്രവചിക്കുന്നത്.
Brazil is the statistical favorite to win the World Cup in Russia, according to data company Gracenote https://t.co/h7uw5ujqkg via @cnnsport pic.twitter.com/6ZcSS4jpoe
— CNN International (@cnni) June 7, 2018
കളിക്കാരുടെ മികവ്, ഗ്രൂപ്പ് സമവാക്യങ്ങള്‍, മുന്നേറാനുള്ള സാധ്യത, സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍, ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള പ്രവചനത്തില്‍ ബ്രസീല്‍ കപ്പടിക്കാന്‍ 21 ശതമാനം സാധ്യതയുണ്ടെന്ന് ഗ്രേസ്നോട്ട് പറയുന്നു. സ്പെയിനിനാണ് രണ്ടാം സ്ഥാനം. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് മൂന്നും കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അര്‍ജന്റനക്ക് നാലും സ്ഥാനങ്ങളിലാണ് സാധ്യത.
ബ്രസീലും സ്പെയിനും തമ്മിലുള്ള ഫൈനല്‍ വരാനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 3.8 ശതമാനം. ബ്രസീല്‍ – ജര്‍മനി ഫൈനലിന് 3.7 ശതമാനം സാധ്യതയുണ്ട്. ബ്രസീലോ ജര്‍മനിയോ ഫൈനല്‍ കളിക്കാനുള്ള സാധ്യത 37 ശതമാനമാണ്. കരുത്തരായ അര്‍ജന്റീനയും സ്പെയിനും തമ്മില്‍ ക്വാര്‍ട്ടറില്‍ മത്സരിക്കേണ്ടി വരും.
ലാറ്റിനമേരിക്കന്‍ ടീമായ പെറു ആയിരിക്കും ഇത്തവണ കറുത്ത കുതിരകളെന്ന് ഗ്രേസ്നോട്ട് പ്രസിഡണ്ട് സിമോണ്‍ ഗ്ലീവ് പ്രവചിക്കുന്നു. ഗ്രൂപ്പ് സിയില്‍ ഡെന്മാര്ക്കിനെയും ഓസ്ട്രേലിയയെയും പിന്തള്ളി പെറുവായിരിക്കും ഫ്രാന്‍സിനൊപ്പം രണ്ടാം റൗണ്ടിലെത്തുക. പെറു ക്വാര്‍ട്ടറിലെത്താന്‍ 22 ശതമാനവും സെമി കളിക്കാന്‍ 10 ശതമാനവും സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് കിരീടം നേടുമെന്ന് ഗ്രേസ്നോട്ട് നടത്തിയ പ്രചനം കൃത്യമായിരുന്നു.
പ്രമുഖ ബെറ്റിങ് ഏജന്‍സിയായ വില്യംഹില്‍ ബ്രസീല്‍ ലോകകപ്പ് നേടുമെന്നാണ് പ്രവചിക്കുന്നത്. നാലില്‍ ഒന്നാണ് ഇതിനുള്ള സാധ്യത. ജര്‍മനി (ഒന്‍പതില്‍ രണ്ട്), സ്പെയിന് (ആറില്‍ ഒന്ന്) എന്നിവര്‍ക്കും വില്യംഹില്‍ സാധ്യത കാണുന്നു.