സ്‌കൂളിലെ പാദപൂജ: നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം; എംഎസ്എഫ്

കോഴിക്കോട് : സഞ്ജീവനി മാനേജ്മെന്റിന് കീഴിലെ ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ നടന്ന ഗുരുപൂര്‍ണ്ണിമ പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ചു പാദ പൂജ ചെയ്യിപ്പിച്ച വാര്‍ത്ത പുറത്തു വന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആര്‍ജവം കാണിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ് എന്നിവര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാലയങ്ങളിലെ സൗഹാര്‍ദ അന്തരീക്ഷത്തെ സാരമായി ബാധിക്കുന്ന ഇത്തരം സങ്കുചിത ശ്രമങ്ങളെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റപെടുത്തണമെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു.

സഞ്ജീവനി മാനേജ്മെന്റിന് കീഴിലെ ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ മിഥിലാപുരിയെന്ന് നാമകരണം ചെയ്ത ക്ലാസ് റൂമുകളില്‍ പൂജാസാമഗ്രികള്‍ ഒരുക്കിയാണ് അധ്യാപകരുടെ പാദപൂജയടക്കമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വിവിധ മതസ്ഥരായ ആണ്‍, പെണ്‍ കുട്ടികളടക്കം മൂവായിരിത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് ക്ഷേത്രാചാരങ്ങളോടെ രാമായണ മാസാചരണം ഗുരുപൗര്‍ണമിയും ആഘോഷിച്ചത്. അധ്യാപകന്റെ പാദപൂജ നടത്തുന്നതില്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ സ്‌കൂള്‍ വിട്ട് വീടിലെത്തി രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.