മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ; വാക്സിൻ വിതരണത്തിനു ചര്‍ച്ച തുടങ്ങി നിതി ആയോഗ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ നിന്നും മോചനം എന്നതിന് ശുഭപ്രതീക്ഷയുമായി വിവിധ രാജ്യങ്ങളില്‍ നിന്നും വിജയകരമായ കോവിഡ് വാക്‌സിന്റെ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കെ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്ന് നിതി ആയോഗ്. ബ്രിട്ടീഷ് ഓക്‌സ്‌ഫോര്‍ഡ്, ഇന്ത്യ, റഷ്യ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് വിജയകരമായ കൊറോണ വൈറസ് വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണ റിപ്പോര്‍്ട്ടുകള്‍ പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം കൊറോണ വൈറസിനെതിരെ 2020 ന്റെ അവസാനത്തോടെ വാക്‌സിന്‍ സാധ്യമാകുമെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍, ഇതിനിടെതന്നെ വലിയ വിജയമായി ബ്രിട്ടണില്‍ വികസിപ്പിച്ച ഓക്‌സ്‌ഫോര്‍ഡ്-അസ്ട്രാസെനെക്ക കോവിഡ് വാക്‌സിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാക്സിന്‍ ഇന്ത്യയിലും പരീക്ഷിച്ചേക്കുമെന്നാണ് വിവരം. വാക്സിന്‍ വിജയമായാല്‍ അതിവേഗം ഇന്ത്യയിലും പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്ന ആസ്ട്രസെനെക്ക കമ്പനിയുമായി ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഓഗസ്റ്റില്‍ പരീക്ഷണം തുടങ്ങുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മിക്കാനാണു ശ്രമമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മരുന്ന് പരീക്ഷണത്തിനായി അനുമതി തേടിയിട്ടുണ്ട്. ഓക്‌സ്ഫഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക. 2020 അവസാനത്തോടെ അസ്ട്രസെനെക ഓക്സ്ഫോര്‍ഡ് വാക്സിന്‍ ലഭ്യമാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആസ്ട്രാസെനെക ഓക്സ്ഫോര്‍ഡ് വാക്സിനിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 2020 ഓഗസ്റ്റില്‍ ഞങ്ങള്‍ ഇന്ത്യയില്‍ മനുഷ്യ പരീക്ഷണങ്ങളും ആരംഭിക്കും. നിലവിലെ സാഹചര്യത്തെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളെയും അടിസ്ഥാനമാക്കി, ഞങ്ങള്‍ പ്രതീക്ഷിക്കുന്നെന്നും അദാര്‍ പൂനവല്ല പറഞ്ഞു. ഓക്‌സ്ഫഡ് സര്‍വകലാശാല സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഉല്‍പദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്‌സ്ഫഡ് വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാല്‍ അതിവേഗം ഇന്ത്യയിലും മിതമായ വിലയില്‍ ലഭ്യമാക്കാനാകുമെന്നാണു സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷ.

അതേസമയം, ഇന്ത്യയുടെ മറ്റു രണ്ട് കൊറോണ വൈറസ് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ് നില്‍ക്കുന്നത്. ഇന്ത്യയുടെ ആദ്യ കോവിഡ് വാക്സിന്‍ ഒക്ടോബര്‍ അവസാനത്തോടെയോ അല്ലെങ്കില്‍ നവംബര്‍ ആദ്യപകുതിയില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം വിപണിയില്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.സി. നമ്പ്യാര്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിനുകള്‍ ആവശ്യമുള്ള എല്ലാവര്‍ക്കും എങ്ങനെ ലഭ്യമാക്കുമെന്ന് ചര്‍ച്ചകള്‍ ആരംഭിച്ചതായി എന്‍ഐടിഐ ആയോഗ് അംഗം (ആരോഗ്യം) അംഗം വി കെ പോള്‍ പറഞ്ഞു. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നതായും വാക്‌സിനു വിലനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും നീതി ആയോഗ് അംഗം വ്യക്തമാക്കി.

ഇതിനിടെ ചൈനയില്‍ കൊറോണ വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക ഫലങ്ങള്‍ ഇത് സുരക്ഷിതമാണെന്നും രോഗപ്രതിരോധ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നുവെന്നും ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള മത്സരത്തില്‍ റഷ്യ, യുഎസ് ആസ്ഥാനമായുള്ള മോഡേണ, ഇന്ത്യയുടെ കോവാക്‌സിന്‍, സിഡസ് കാഡില, സിനോവാക് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ എന്നിവ കാര്യമായ പുരോഗതി കൈവരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്താകമാനം പടര്‍ന്ന കോവിഡ് മഹാമാരിക്കെതിരെ വിവിധ രാജ്യങ്ങളിലായി 160-ലധികം സാധ്യത് COVID19 വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിയിരിക്കുന്നത്. അവയില്‍ 26 വാക്‌സിനുകള്‍ മനുഷ്യ പരീക്ഷണ ഘട്ടത്തിലേക്കും എത്തിയിട്ടുണ്ട് എന്നതും ലോകത്താകമാനമുള്ള കോവിഡ് ദുരിതത്തിനിടയില്‍ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.