ന്യൂഡല്‍ഹി: ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് 59 ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പബ്ജിയുൾപ്പെടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. ഡേറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് 275 ആപ്പുകളാണ് നിരോധിക്കാനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും.
പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് ചൈനീസ് ടെക് ഭീമന്‍മാരായ മെയ്തു, എല്‍ബിഇ ടെക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്പ്, നെതീസ് ഗെയിംസ്, സൂസൂ ഗ്ലോബല്‍ തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകള്‍ നിരോധന പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ . ചൈനീസ് ആപ്പുകളും ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനികളുടെ ആപ്പുകളുമാണ് കേന്ദ്രം നിരീക്ഷിച്ച് വരുന്നതെന്നാണ് ഇക്കണോമിക്സ് ടൈംസിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമാണ് പബ്ജി വീഡിയോഗെയിം വികസിപ്പിച്ചതെങ്കിലും, ചൈനീസ് ഇന്റർനെറ്റ് കമ്പനിയായ ടെൻസെന്റിന്റെ പിന്തുണ ഈ സ്ഥാപനത്തിനുണ്ട്. ഷവോമിയുടെ കീഴിലാണ് സിലി പ്രവർത്തിക്കുന്നത്. യുലൈക്കിന്‍റെ ഉടമസ്ഥാവകാശം ടിക് ടോക്കിന്‍റെ സ്ഥാപനമായ ബൈറ്റ്ഡാന്‍സിനാണ്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടേതാണ് അലിഎക്‌സ്പ്രസ്. അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന.
‘പട്ടികയിലുള്ള എല്ലാ ആപ്പുകളുമോ അല്ലെങ്കിൽ അവയിൽ ചിലതോ കേന്ദ്രം നിരോധിച്ചേക്കും’ ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ടിക്ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെയുള്ള ആപ്പുകളായിരുന്നു അന്ന് നിരോധിച്ചത്.