കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി; സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റുവെന്ന് പി.സി വിഷ്ണുനാഥ്

തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി. എന്നാല്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജിലുണ്ടായ ഈ വീഴ്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളിക്കെതിരെ പരാമര്‍ശം നടത്തിയതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്.

യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചുള്ള പി ആര്‍ ഏജന്‍സികളുടെ ആഘോഷങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം ജില്ലയില്‍ ഇത്തരമൊരു മരണം ഉണ്ടായത്. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് രോഗി തന്നെ പറഞ്ഞ വാക്കുകള്‍, ഈ കൊട്ടിഘോഷങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ്. ആ യുവാവിന്റെ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റുവെന്നു വിഷ്ണനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

‘വീഴ്ചകള്‍ ചൂണ്ടിക്കാണിക്കല്‍ പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്. കേരളത്തെ നടുക്കി ടി.പി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാള്‍ക്കുവേണ്ടി എല്ലാ ആരോഗ്യ പ്രോട്ടോകാളും ലംഘിച്ച് ആയിരക്കണക്കിന് ആളുകളുടെ സന്നാഹം ഒരുക്കിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ സമരത്തെ പരിഹസിക്കുന്നത്.

പ്രവാസികള്‍ക്കുവേണ്ടി പ്രതിപക്ഷം ചെയ്ത സമരത്തെപ്പോലും പരമപുച്ഛത്തോടെ അപഹസിച്ച മുഖ്യമന്ത്രി ഇതെല്ലാം ജനം കാണുന്നുണ്ടെന്നു കൂടി മനസിലാക്കണം. കോടികള്‍ മുടക്കിയുള്ള നിങ്ങളുടെ പി ആര്‍ പെരുമ്പറകള്‍ക്ക് അപ്പുറമാണ് കേരളത്തിന്റെ പൊതുബോധമെന്ന് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് കൊള്ളാം’- പി.സി വിഷ്ണുനാഥ് കുറിച്ചു.

പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക് കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം…

എനിക്ക് ശ്വാസം കിട്ടുന്നില്ല….
ഇവര്‍ക്ക് ഇതിന്റെ ഗൗരവം മനസിലാവുന്നില്ല…
മന:പൂര്‍വം ഒന്നും തരുന്നില്ല…
എന്നെ ഇവിടെ നിന്ന് മാറ്റണം ‘

-തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു അത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി, ബന്ധുക്കള്‍ ഇന്നലെ പുറത്തുവിട്ട ഓഡിയോ രൂപത്തില്‍ ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ് …

മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളേജിലാണ് കോവിഡ് രോഗി ”ഇവിടെ ഒന്നും നടക്കുന്നില്ല, ഞാന്‍ മരിച്ചു പോകും” എന്ന് കരളലിയിപ്പിക്കും വിധം കരയുന്നത്.

യഥാര്‍ത്ഥത്തില്‍, ഇന്നലെ ഈ വീഴ്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മുല്ലപ്പള്ളിക്കെതിരെ പരാമര്‍ശം നടത്തിയതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്.

യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചുള്ള പി ആര്‍ ഏജന്‍സികളുടെ ആഘോഷങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സ്വന്തം ജില്ലയില്‍ ഇത്തരമൊരു മരണം ഉണ്ടായത്. മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് രോഗി തന്നെ പറഞ്ഞ വാക്കുകള്‍, ഈ കൊട്ടിഘോഷങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ്. ആ യുവാവിന്റെ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റു.

ഇത്തരം വീഴ്ചകള്‍ ചൂണ്ടിക്കാണിക്കല്‍ പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്തവുമാണ്.
കേരളത്തെ നടുക്കി ടി.പി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാള്‍ക്കുവേണ്ടി എല്ലാ ആരോഗ്യ പ്രോട്ടോകാളും ലംഘിച്ച് ആയിരക്കണക്കിന് ആളുകളുടെ സന്നാഹം ഒരുക്കിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷ സമരത്തെ പരിഹസിക്കുന്നത്.

പ്രവാസികള്‍ക്കുവേണ്ടി പ്രതിപക്ഷം ചെയ്ത സമരത്തെപ്പോലും പരമപുച്ഛത്തോടെ അപഹസിച്ച മുഖ്യമന്ത്രി ഇതെല്ലാം ജനം കാണുന്നുണ്ടെന്നു കൂടി മനസിലാക്കണം. കോടികള്‍ മുടക്കിയുള്ള നിങ്ങളുടെ പി.ആര്‍ പെരുമ്പറകള്‍ക്ക് അപ്പുറമാണ് കേരളത്തിന്റെ പൊതുബോധമെന്ന് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് കൊള്ളാം.