ട്രംപിന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കി മോദി സര്‍ക്കാര്‍; മരുന്നുകളുടെ കയറ്റുമതി നിരോധം എടുത്തു കളഞ്ഞു

വാഷിങ്ടണ്‍: തിരിച്ചടി നേരിടുമെന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റ ഭീഷണിക്ക് പിന്നാലെ, വിവിധ മരുന്നുകളുടെ കയറ്റുമതി നിരോധം പിന്‍വലിച്ച് മോദി സര്‍ക്കാര്‍. 24 മരുന്നുകളുടെ കയറ്റുമതി നിരോധമാണ് എടുത്തു കളഞ്ഞത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിനാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരുന്നത്.
‘ആഗോള ആരോഗ്യ പ്രതിസന്ധിക്കിടെ മെഡിക്കല്‍-ഫാര്‍മസ്യൂട്ടിക്കല്‍ ഉപകരണങ്ങളുടെ വിതരണം സുഗമമാക്കാന്‍ ഇരുരാഷ്ട്ര നേതാക്കളും സമ്മതിച്ചു’ എന്നാണ് വൈറ്റ് ഹൗസ് വക്താവ് ജുഡ് ഡീരെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന്റെ കയറ്റുമതി നിരോധിച്ചിരുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സി ക്ലോറോക്വിനാണ് ഉപയോഗിക്കുന്നത്.
‘പ്രധാനമനന്ത്രിയുടെ (നരേന്ദ്രമോദി) തീരുമാനമാണോ അതെന്നതില്‍ എനിക്കത്ഭുതമുണ്ട്. ഞായറാഴ്ച രാവിലെയാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. നിങ്ങളുടെ മരുന്ന് എത്തിയാല്‍ നന്നാകും എന്ന് പറഞ്ഞിരുന്നു. വരുന്നില്ല എങ്കില്‍ ശരി, എന്നാല്‍ തിരിച്ചടി നേരിടേണ്ടി വരും’ – ട്രംപ് പറഞ്ഞു.


കഴിഞ്ഞയാഴ്ചയാണ് കോറോണ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചിരുന്നത്.
ഇതുപ്രകാരം ബുധനാഴ്ച വിജ്ഞാപനത്തിലൂടെ മരുന്നിന്റെ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

യു.എസില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. ബ്ലൂംബര്‍ഗ് ഇന്റലിജന്‍സിന്റെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം യു.എസില്‍ വിതരണം ചെയത 47 ശതമാനം മരുന്നുകളും ഇന്ത്യന്‍ കമ്പനികളുടേതാണ്. യു.എസിലേക്ക് മരുന്നു കയറ്റുമതി ചെയ്യുന്ന ആദ്യ പത്തു രാഷ്ട്രങ്ങളില്‍ ഏതാനും കമ്പനികള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പുറത്തുള്ളത്.
യു.എസിലേക്ക് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറൈകൈന്‍ കയറ്റുമതി ചെയ്യുന്നത് അഹമ്മദാബാദ് ആസ്ഥാനമായ സൈദസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. 2019 167 ദശലക്ഷം യൂണിറ്റ് മരുന്നാണ് ഇവര്‍ കയറ്റി അയച്ചത്.

ഇന്ത്യയില്‍ ഇതുവരെ നാലായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നൂറിലേറെ മരണങ്ങളും. യു.എസില്‍ മരണം പതിനായിരം കവിഞ്ഞു. 3.6 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

SHARE