യുപിഎ സര്‍ക്കാറിന്റെ പ്രസിദ്ധ പദ്ധതിയായ (എംജിഎന്‍ആര്‍ജിഎ) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിനായി ഫണ്ടനുവദിച്ച് മോദി സര്‍ക്കാര്‍. പാര്‍ലമെന്റില്‍ മോദി തന്നെ ഒരിക്കല്‍ പരിഹസിച്ച പദ്ധതിക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിനായി മോദി സര്‍ക്കാറിന് തന്നെ ഫണ്ടനുവദിക്കേണ്ടി വന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവനുള്ള സ്മാരകമാണ് എംജിഎന്‍ആര്‍ജിഎ എന്ന് മോദി പരിഹസിച്ചിരുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്ന എംജിഎന്‍ആര്‍ജിഎയ്ക്ക് മോദി സര്‍ക്കാര്‍ ഇപ്പോള്‍ 40,000 കോടി രൂപ വര്‍ദ്ധിപ്പിച്ചതായും കോണ്‍ഗ്രസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ 6 വര്‍ഷമായി എംജിഎന്‍ആര്‍ജിഎയെ പരിഹസിച്ച സര്‍ക്കാര്‍ ഇപ്പോള്‍ അതിലേക്ക് കൂടുതല്‍ പണം പമ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ദരിദ്രര്‍ക്കും പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കുമുള്ള ഏറ്റവും വലിയ ഉപജീവന പദ്ധതിയായി എംജിഎന്‍ആര്‍ജിഎ മാറിയെന്നും സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അവകാശം ഉന്നയിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം 2005 ല്‍ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച എംജിഎന്‍ആര്‍ജിഎ പദ്ധതി ഗ്രാമീണ ഇന്ത്യയില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും ഓരോര്‍ത്തര്‍ക്കും ജോലി വാഗ്ദാനം ചെയ്യുന്ന പദ്ധതിയായിരുന്നു. പ്രകൃതിവിഭവ മേഖലക്ക് കീഴിലെ പദ്ധതികളായ ജലസേചനം, ഭൂവികസനം, ജലസംരക്ഷണം തുടങ്ങിയ പദ്ധതികള്‍ ഗ്രാമീണ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി. ജലസേചന മാര്‍ഗങ്ങള്‍, അണക്കെട്ടുകള്‍, ചെക്ക് ഡാമുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നത് ഇവയില്‍ ഉള്‍പ്പെടുന്നു. അംഗന്‍വാടി ആസ്തികള്‍ സ്ഥാപിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിരുന്നു.
2014 ല്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം 2015 ലെ ബജറ്റ് സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ ’60 വര്‍ഷത്തിനിടയില്‍ ദാരിദ്ര്യത്തെ നേരിടുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടതിന്റെ ജീവനുള്ള സ്മാരകമാണ് എംജിഎന്‍ആര്‍ജിഎ എന്നായിരുന്നു, പ്രധാനമന്ത്രി മോദി പരിഹസിച്ചിരുന്നത്.
അതേസമയം, തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തയിരുന്നു. നഗര, ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരെ സഹായിക്കാന്‍ കോണ്‍ഗ്രസിന്റെ കയ്യില്‍ ഇരട്ട തന്ത്രമുണ്ടെന്ന് പറഞ്ഞ രാഹുല്‍, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ദിവസങ്ങളുടെ എണ്ണം ഇരട്ടിയാക്കണമെന്ന ആവശ്യമാണ് സര്‍ക്കാറിന്റെ മുന്നോട്ട് വച്ച ഒരു നിര്‍ദ്ദേശം.
ഇപ്പോള്‍ മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്ന സമയമല്ല. നമുക്ക് ഒരുമിച്ച് ഈ പ്രശ്നം പരിഹരിക്കാം. റോഡുകളിലെ ആളുകള്‍ക്ക് ഇപ്പോള്‍ നമ്മുടെ സഹായം ആവശ്യമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അധികാരത്തിലുള്ളത് ബിജെപിയാണ്. അതിനാല്‍ അത് അവരുടെ ഉത്തരവാദിത്തം തന്നെയാണ്. എന്നാല്‍ നാമെല്ലാവരും ഒരുമിച്ച് ഈ പ്രശ്നത്തെ അഭിമുഖീകരിക്കണം, ”രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.