കണ്ണൂരില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ വന്നവര്‍ക്ക് ക്വാറന്റീന്‍ ഒരുക്കാതെ സര്‍ക്കാര്‍; പെരുവഴിയിലായി പ്രവാസികള്‍

കണ്ണൂര്‍: റാസല്‍ഖൈമയില്‍ നിന്ന് കെ.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിയ പ്രവാസികള്‍ കണ്ണൂരില്‍ ക്വാറന്റീന്‍ സൗകര്യം കിട്ടാതെ വലഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 53 പേരാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ പുലര്‍ച്ച 5.30ഓടെ കണ്ണൂരില്‍ എത്തിയത്. കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സിനു സമീപത്താണ് ഇറക്കിയത്. എന്നാല്‍, ഇവരെ സ്വീകരിക്കാനോ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാനോ അധികൃതര്‍ സൗകര്യമൊന്നും ഒരുക്കിയിരുന്നില്ല.

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ കെ.എം ഷാജി എം.എല്‍.എയുടെയും മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെയും ഫലമായാണ് ഇവര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമായത്. ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട നേതാക്കള്‍ പ്രാഥമിക സൗകര്യത്തിനു സ്പോര്‍ട്സ് ഡിവിഷന്‍ ഹോസ്റ്റലില്‍ സൗകര്യമൊരുക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് ഭക്ഷണം എത്തിച്ചിരുന്നു. പിന്നീട് ക്വാറന്റീന്‍ സൗകര്യത്തിനുള്ള നടപടികളും പൂര്‍ത്തിയായി.

ഇവരെ കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് വനിത യതീംഖാന ഹോസ്റ്റല്‍, കണ്ണൂരിലെ സംഗമം ടൂറിസ്റ്റ് ഹോം, തളിപ്പറമ്പിലെ സാമ്രാട്ട് ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലേക്കു മാറ്റി. നാലുപേര്‍ ഹോം ക്വാറന്റീനിലാണ്. ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് ഇവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോയത്.

തങ്ങള്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. യാത്രക്കാര്‍ വരുന്ന വിവരം അറിയില്ലെന്ന മറുപടിയാണ് ജില്ലാ ഭരണകൂടം നല്‍കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ജില്ലക്കാര്‍ക്കു പുറമെ കാസര്‍കോട്, കോഴിക്കോട് ജില്ലകളിലുള്ളവരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഷാര്‍ജ കെ.എം.സി.സി അഴീക്കോട് മണ്ഡലം കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത റാസല്‍ഖൈമയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇവരെത്തിയത്.

ഗര്‍ഭിണികള്‍, രോഗികള്‍, വിസ റദ്ദാക്കപ്പെട്ടവര്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ കൂടുതലും. ബുധനാഴ്ച വൈകീട്ട് ഭക്ഷണംകഴിച്ച് വിമാനത്തില്‍ കയറിയ ഇവരില്‍ പലരും ക്ഷീണിതരായിരുന്നു.

കോവിഡ് കാലത്ത് നാടണയാന്‍ ശ്രമിക്കുന്ന പ്രവാസികളെ ദോഹിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും പറഞ്ഞു. പ്രവാസികളെ പ്രതിസന്ധി ഘട്ടത്തില്‍ കൈയൊഴിയുന്ന സര്‍ക്കാര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

SHARE