കോവിഡ് കേസുകള്‍ 20 ലക്ഷത്തിലെത്തി; മോദി സര്‍ക്കാറിനെ കാണാനില്ല- രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോവിഡ് 20 ലക്ഷം കടന്നുവെനനും നരേന്ദ്രമോദി സര്‍ക്കാറിനെ കാണാനില്ല എന്നുമാണ് രാഹുലിന്റെ പരിഹാസം. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

ജൂലൈ 17ന്, രാജ്യത്തെ കേസുകള്‍ 20 ലക്ഷം കടക്കുമെന്ന തന്റെ ട്വീറ്റും രാഹുല്‍ റിട്വീറ്റ് ചെയ്തിട്ടുണ്ട്. മഹാമാരിയെ നിയന്ത്രിക്കാര്‍ സര്‍ക്കാര്‍ ഫലപ്രദമായ ആസൂത്രണം ചെയ്യേണ്ടതുണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

ജൂലൈ 16ന് ശേഷം മൂന്നാഴ്ചക്കിടെയാണ് രാജ്യത്ത് കോവിഡ് കേസുകള്‍ പത്തു ലക്ഷം കൂടി പിന്നിട്ടത്. ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ മൊത്തം കേസുകളില്‍ 42 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്.

അടുത്ത പത്തു ലക്ഷം കേസുകള്‍ രണ്ടാഴ്ചകക്കം ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. നിലവില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മൂന്നാമത്തെ രാഷ്ട്രമാണ് ഇന്ത്യ. യു.എസും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.

SHARE