സ്വകാര്യ ബസുടമകള്‍ക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

 

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി ബസുടമകള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
പെര്‍മിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയത്.
സമരം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാനാവില്ലെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിനില്ല. എന്നാല്‍ സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. മതിയായ കാരണമില്ലാതെ ബസുകള്‍ ട്രിപ്പ് മുടക്കിയാല്‍ ബസ് പിടിച്ചെടുക്കാനും സമാന്തര സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നത് അടക്കമുള്ള നടപടികളിലേക്കും സര്‍ക്കാര്‍ നീങ്ങും. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും 24 വയസ് പരിധി വെക്കണമെന്നുള്ള ബസുടമകളുടെ ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതിനിടെ സമരം നടത്തുന്ന ബസുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു.
ഇതേത്തുടര്‍ന്ന് പലയിടത്തും ബസുകള്‍ നിരത്തിലിറങ്ങി തുടങ്ങി. തിരുവനന്തപുരത്ത് ചില സ്വകാര്യ ബസുകള്‍ ഇന്നലെ സര്‍വീസ് നടത്തി. കോട്ടയത്ത് സമരം ശക്തമായി തുടരുകയാണെങ്കിലും നാല് സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങി.
എന്നാല്‍ വിവിധ യൂണിനുകളില്‍ നിന്നായി 850 ഓളം ബസ് സര്‍വീസുകള്‍ കോട്ടയത്തുണ്ടെന്നും ഇവരില്‍ മൂന്നോ നാലോ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ വീണ്ടും മുഖ്യമന്ത്രിയെ കാണും. നാലാം ദിവസവും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായി.

SHARE