കൊവിഡ് വിലക്കുകള്‍ വീണ്ടും ലംഘിച്ച് ഗവര്‍ണര്‍; ഒരു മുന്‍കരുതലുമില്ലാതെ കുട്ടികളുമായി അടുത്തിടപഴകി


തിരുവനന്തപുരം: മൂന്നാര്‍ യാത്രക്ക് പിന്നാലെ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഗവര്‍ണര്‍ തിരുവനന്തപുരം ലോ കോളേജ് സന്ദര്‍ശിച്ചു. പരീക്ഷയുടെ അവസാന ദിവസമാണ് ഗവര്‍ണര്‍ കോളേജിലെത്തിയത്. സന്ദര്‍ശനം കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണെന്നാണ് വിശദീകരണം.

മൂന്നാം വര്‍ഷഎല്‍എല്‍ബിയുടെ മൂന്നാം സെമസ്റ്ററിലെ അവസാന പരീക്ഷ ദിവസമായിരുന്നു ഇന്ന്. മൂപ്പതോളം കുട്ടികളുമായാണ് ഒരു മുന്‍കരുതലമില്ലാതെ ഗവര്‍ണറും സംഘവും സംസാരിച്ചത്. ഹാന്‍ഡ് സാനിറ്റൈസറും, മുഖാവരണവും ഇല്ല. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഗവര്‍ണര്‍ പൊന്‍മുടിയിലേക്ക് ഉല്ലാസയാത്ര പോയത് വിവാദമായിരുന്നു.

സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ താന്‍ ലംഘിച്ചില്ലെന്നാണ് പൊന്മുടി സന്ദര്‍ശനത്തെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത്. പൊന്മുടിയിലും വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിച്ചു. 36 മണിക്കൂര്‍ മാത്രമാണ് പൊന്‍മുടിയില്‍ ഉണ്ടായിരുന്നതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. പരീക്ഷകള്‍ മാറ്റിവയ്ക്കണ്ടതില്ലെന്ന നിലപാട് പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ ലോ കോളേജില്‍ നിന്ന് മടങ്ങിയത്.