തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ അരമണിക്കൂറിനകം ചിത്രം പിന്‍വലിച്ചു. ഇന്നലെ രാജ്ഭവനില്‍ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റില്‍ ആണ് ചിത്രമുള്ളത്.
ജൂലായ് അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ നോളജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റ് ചെയ്ത ചിത്രം മാറിപ്പോയതാണെന്നാണ് രാജ്ഭവന് നല്കിയ വിശദീകരണം.

അതേസമയം തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. ഒരു മണിക്കൂറോളമായി കസ്റ്റംസിന്റെ നേതൃത്വത്തില്‍ റെയ്ഡ് തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.