മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജനവിധി അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ക്ഷണിച്ചു. പി.സി.സി അധ്യക്ഷന്‍ കമല്‍ നാഥിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ഗവര്‍ണറെ കണ്ട് എം.എല്‍.എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറും.

114 സീറ്റുകളാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേടിയത്. 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷമായ 116 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താന്‍ മൂന്ന് എം.എല്‍.എമാരുടെ പിന്തുണകൂടി വേണം. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്. അതേസമയം സ്വതന്ത്രരായി മത്സരിച്ച രണ്ട് കോണ്‍ഗ്രസ് വിമതന്‍മാരും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ബി.ജെ.പി രംഗത്തെത്തിയത്. ഇതോടെ ഗവര്‍ണറുടെ നീക്കം നിര്‍ണായകമായി. ജനവിധി മറികടന്ന് ബി.ജെ.പിക്കായി നീക്കം നടത്തിയാല്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവുമെന്നതിനാലാണ് ഗവര്‍ണര്‍ സാഹസത്തിന് മുതിരാത്തതെന്നാണ് വിവരം.

SHARE