വിദേശത്ത് നിന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇതിനാവശ്യമായ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരും. നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അതിന് ചില ക്രമീകരണങ്ങള്‍ അത്യാവശ്യമാണ്. ലക്ഷക്കണക്കിന് പ്രവാസികളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലും ഉള്ളത്. അവരെല്ലാം ഒന്നിച്ചെത്തുന്നത് പ്രശ്‌നമുണ്ടാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍നിന്ന് വരുന്നവരെ കരുതലോടെ സ്വീകരിക്കും. ആരെയും പുറന്തള്ളില്ല. അവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റീനും ആവശ്യമാണ്, മുഖ്യമന്ത്രി പറഞ്ഞു.
പുറത്തുനിന്ന് വരുന്നവരുടെയും ഇവിടെ ഉള്ളവരുടെയും ആരോഗ്യ സംരക്ഷണത്തിന് രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്. സര്‍ക്കാരിന് ആരോടും വിവേചനമില്ല. മറ്റുപോംവഴി ഇല്ലാത്തിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹ വ്യാപനംപോലും ഉണ്ടാകും. മറ്റുസംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍തന്നെ അതാണ് സ്ഥിതി. അതിനാല്‍ അവരെല്ലാം സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കെഎംസിസിയുടേയും മറ്റും സഹായത്താല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ വീടുകളിലേക്കോ ആസ്പത്രികളിലേക്കോ മാറ്റുന്നതുമാണ് നിലവിലെ പദ്ധതി. മറ്റുള്ളവര്‍ നിശ്ചിത ദിവസങ്ങളില്‍ സര്‍ക്കാര്‍ സജ്ജമാക്കിയ പ്രത്യേക കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. വിദേശത്ത് നിന്നെത്തുന്നവരെ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്നായിരുന്നു നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ക്വാറന്റൈന്‍ ചെലവ് സംസ്ഥാനം വഹിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നേരത്തെയുള്ള തീരുമാനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചെലവ് സംസ്ഥാന സര്‍ക്കാറിന് വഹിക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറഞ്ഞത്.