കോവിഡ്: പത്തു ദശലക്ഷം പേരുടെ തൊഴില്‍ അപകടത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം പത്തു ദശലക്ഷം പേരുടെ തൊഴില്‍ അപകടത്തിലായെന്ന് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി അറിയിച്ചതാണ് ഇക്കാര്യം. ഏതെല്ലാം മേഖലയെ ആണ് കോവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചത്, തൊഴില്‍ നഷ്ടമായവരുടെ കൃത്യമായ കണക്കുകള്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ പ്രതിനിധി വ്യക്തമാക്കിയില്ല.

കോവിഡാനന്തര കാലത്തെ അവസരങ്ങളും വെല്ലുവിളികളും വിലയിരുത്താനാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ തോതില്‍ തൊഴില്‍ നഷ്ടമായ സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള വിദേശപ്പണത്തിന്റെ വരവില്‍ കുറവുണ്ടാകുമെന്ന് വ്യവസായ വകുപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടി.

യു.എസ്, യൂറോപ്പ്, ചൈന എന്നീ രാഷ്ട്രങ്ങളുമായുള്ള വ്യാപാരത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത്. കോവിഡ് മൂലം വ്യാപാരത്തിലും നിക്ഷേപത്തിലും വലിയ കുറവുണ്ടായി. ഇറക്കുമതിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മേഖലകളില്‍ സ്വയം പര്യാപ്തതയ്ക്കുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്- പ്രതിനിധി പറഞ്ഞു.

സമിതി ചെയര്‍മാനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പിയുമായ വിജയസായ് റെഡ്ഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

SHARE