ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ അന്തസും കേരള ജനതയുടെ മാന്യതയും കാത്തുസൂക്ഷിക്കാനാണ് താന്‍ പ്രമേയത്തിന് അവതരണാനുമതി തേടിയത്. സ്വന്തം ജോലി ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നപ്പോഴാണ് പ്രമേയം അടക്കമുള്ള ആവശ്യങ്ങളുമായി മുന്നോട്ട് വന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭാ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതിനെ തള്ളി പരസ്യ പ്രസ്താവന നടത്തുന്ന ഗവര്‍ണറുടെ നടപടി അംഗീകരിക്കാനെ കഴിയില്ല. അത് മനസിലാക്കാന്‍ ഇടതുമുന്നണി തയ്യാറാകണം. സര്‍ക്കാരിനെയും ഗവര്‍ണറേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നാണ് മന്ത്രി എ.കെ ബാലന്റെ പ്രതികരണം. അവരെ തമ്മിലടിപ്പിച്ചിട്ട് എന്ത് നേടാനാണെന്ന് ബാലന്‍ ഓര്‍ക്കണമെന്നും അതാണ് നിയമ മന്ത്രിയുടെ നിലപാടെങ്കില്‍ ‘ഹാ കഷ്ടം’ എന്ന് മാത്രമെ പറയാനുള്ളു. ഗവര്‍ണറെ പുറത്താക്കാന്‍ പ്രമേയാവതരണത്തിന് അനുമതി തേടിയതിനെതിരെ വലിയ വിമര്‍ശനമാണ് ഇടത് മുന്നണി കണ്‍വീനറും നടത്തിയത്.
രാഷ്ട്രീയം കളിക്കുന്നത് ഇടത് മുന്നണിയും എ.കെ ബാലനുമാണ്. ‘മൈ ഗവര്‍ണമെന്റ്’് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. തിരിച്ച് ‘മൈ ഗവര്‍ണര്‍’ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തത് കൊണ്ടുതന്നെയാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവുമായി മുന്നോട്ട് പോകണ്ടിവന്നത്. കേരള നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണ് പുറത്താക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അത് മുഖ്യമന്ത്രിയായിരുന്നു കൊണ്ടുവരേണ്ടിയിരുന്നത്. സഭയുടെ അന്തസ് കാക്കാന്‍ സഭാ നേതാവിന് കഴിയാതിരുന്നപ്പോഴാണ് പ്രതിപക്ഷ നേതാവിന് പ്രമേയാനുമതി തേടേണ്ടി വന്നത്. സര്‍ക്കാര്‍ പൂര്‍ണ്ണ മനസോടെ പ്രമേയത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഒരക്ഷരം സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഫെഡറലിസത്തിന് വലിയ വെല്ലുവിളിയാണ് ബി.ജെ.പി അഴിച്ചുവിടുന്നത്-ചെന്നിത്തല പറഞ്ഞു.

അതേസമയം, കേരളത്തിലെ ദേശീയ ജനസംഖ്യ റജിസ്റ്റര്‍ (എന്‍പിആര്‍) വിഷയത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പ് രീതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ രംഗത്തെത്തി. കവലപ്രസംഗം ഗംഭീരമായി നടത്തിയതുകൊണ്ടായില്ല, എന്‍പിആര്‍ നടപ്പാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബര്‍ 12ന് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചു പുതിയത് ഇറക്കണമെന്നു എം.കെ.മുനീര്‍ പറഞ്ഞു. അല്ലാത്ത കാലത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതിനനുസരിച്ചു നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ തെളിവാണ് ഇതുമായി ബന്ധപ്പെട്ടു ജനുവരി 23നു മഞ്ചേരി നഗരസഭ ഇറക്കിയ ഉത്തരവ്. നിലവില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവു മാറ്റി സെന്‍സസ് മാത്രമേ ഉണ്ടാകൂ എന്നു കാണിച്ചു പുതിയതു പ്രസിദ്ധീകരിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും മുനീര്‍ പറഞ്ഞു.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ എം.കെ.മുനീര്‍ വ്യക്തമാക്കി. പ്രത്യേക ക്ഷണമില്ലാത്തതുകൊണ്ടാണ് ലീഗ് ഔദ്യോഗികമായി പങ്കെടുക്കാതിരുന്നത്. ആരോടും പങ്കെടുക്കേണ്ട എന്ന നിര്‍ദേശം യുഡിഎഫും ലീഗും നല്‍കിയിട്ടില്ലെന്നും മുനീര്‍ പറഞ്ഞു.

മുനീറിന്റെ അഭിപ്രായത്തിന് സമാനമായിരുന്നു ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞിലാക്കുട്ടിയുടേയും പ്രസ്താവന. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി നോക്കാതെ പങ്ക് ചേരുന്ന ഒരു സാഹചര്യം നിലവിലുണ്ട്. അതുകൊണ്ട് ഇതൊരു വിവാദമാക്കേണ്ടതില്ല. അത് ബിജെപിക്ക് മാത്രമേ ഗുണം ചെയ്യുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മനുഷ്യ മഹാശൃംഖലയില്‍ അണികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന ഇഴകീറി പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.