പൗരത്വ ഭേദഗതി ബില്‍; മാധ്യമങ്ങള്‍ക്ക് മിണ്ടരുതെന്ന് സര്‍ക്കുലര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ കൊടുക്കരുതെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. വിവിധയിടങ്ങളിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ കാണിക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. രാജ്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളോ, രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്നതോ ആയ വാര്‍ത്തകള്‍ കൊടുക്കുന്നത് വിലക്കികൊണ്ടുള്ള സര്‍ക്കുലറാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആസാമില്‍ സംഘര്‍ഷം വ്യാപിക്കുകയാണ്. അര്‍ദ്ധസൈനികര്‍ രംഗത്തെത്തിയിട്ടുപോലും ജനങ്ങള്‍ പ്രതിഷേധങ്ങളില്‍ നിന്നും പിറകോട്ട് പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, പൗരത്വഭേദഗതി ബില്ലില്‍ അസം ജനതക്ക് ആശങ്ക വേണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ സന്ദേശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്റര്‍നെറ്റില്ലാതെ എങ്ങനെ താങ്കളുടെ ട്വീറ്റ് വായിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ റീട്വീറ്റ.

‘അസമിലുള്ള നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് താങ്കളുടെ സമാശ്വാസ സന്ദേശം വായിക്കാന്‍ കഴിയില്ല. അവരുടെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതാണെന്ന് താങ്കള്‍ മറന്നുപോയി’ എന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് കൊണ്ട് അസമിലെ സഹോദരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ അവകാശങ്ങളും അസ്തിത്വവും സംസ്‌കാരവും അപഹരിക്കില്ല. അസം ജനതയുടെ രാഷ്ട്രീയവും ഭാഷാ വൈവിധ്യവും ഭൂമി അവകാശങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് എന്നായിരുന്നു മോദിയുടെ ട്വിറ്റര്‍ സന്ദേശം.

വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ജനങ്ങള്‍ അക്രമാസക്തരായി തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് അവരെ നേരിടാന്‍ സൈന്യം രംഗത്തെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ അസമിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

SHARE