ഗവര്‍ണറെ തള്ളി ഭരണപക്ഷവും പ്രതിപക്ഷവും; ആരുടെ ഗവര്‍ണര്‍?

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാരും പ്രതിപക്ഷവും. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയം ഭരണ ഘടനാ വിരുദ്ധമാണെന്ന ഗവര്‍ണറുടെ വാദത്തിനെതിരെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം രംഗത്തെത്തി.
ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച കെ മുരളീധരന്‍ എം.പി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടെ ഏജന്റ് ആണെന്നും വിമര്‍ശിച്ചു. മോദിയുടേയും അമിത് ഷായുടേയും ഏജന്റായ ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്നു വിളിക്കില്ല. ഗവര്‍ണര്‍ രാജിവച്ചു പോയില്ലെങ്കില്‍ തെരുവിലൂടെ ഇറങ്ങിനടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ അധിപനായ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ പുച്ഛിച്ചത് ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കുറ്റിയാടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ സംസാരിക്കവെ മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കാത്ത ഗവര്‍ണറോട് താങ്കള്‍ താങ്കളുടെ ജോലി ചെയ്താല്‍ മതിയെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സംസ്ഥാന നിയമസഭക്ക് ഇത്തരത്തിലൊരു പ്രമേയം പാസാക്കാനുള്ള എല്ലാ അധികാരവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ ബി.ജെ.പിയുടെ അക്രഡിറ്റഡ് ഏജന്റാണെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. ഉന്നതമായ സ്ഥാനം വഹിക്കുന്നവര്‍ പാലിക്കുന്ന മിതത്വവും ഔചിത്യവുമാണ് ഇവരെ ബഹുമാനാര്‍ഹരാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാ സാധുത ഇല്ലെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനോടു വിരോധമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടതെന്നും, തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യത്തിനായി സംസ്ഥാനം സമയം പാഴാക്കരുതെന്നുമായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശം അനുസരിച്ചാണ് കേരള നിയമസഭ പ്രമേയം പാസാക്കിയതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ നിശിത വിമര്‍ശനവുമായി ഭരണ, പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തിയത്.
നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമല്ലെന്ന് സംസ്ഥാന നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കേന്ദ്രത്തോടു പ്രമേയത്തിലൂടെ അഭ്യര്‍ഥിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. അങ്ങനെ പാടില്ലെന്ന് താന്‍ വായിച്ച ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സമാനമായ പ്രമേയങ്ങള്‍ നേരത്തെയും പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യപ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

SHARE