കോണ്‍ഗ്രസ് – ജെ.ഡി.എസ് നീക്കം തകര്‍ക്കാന്‍ മുന്‍ ആര്‍.എസ്.എസുകാരനായ ഗവര്‍ണര്‍ കളിക്കുമോ?

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടത്തുന്ന നീക്കത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സൂചന. ജെ.ഡി.എസ്സിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരുപാധികം പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുകക്ഷികളും എം.എല്‍.എമാരുമായി ഇന്നു വൈകുന്നേരം ഗവര്‍ണറെ കാണാനിരിക്കുകയാണ്.

എന്നാല്‍, മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഗുജറാത്തിലെ മുന്‍മന്ത്രിയുമായ വാജുഭായ് വാല കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ അവകാശവാദം തല്‍ക്കാലത്തേക്കെങ്കിലും തള്ളിയാല്‍ കുതിരക്കച്ചവടം നടത്താന്‍ ബി.ജെ.പിക്ക് സമയം ലഭിക്കും. തന്നെ കാണാനെത്തുന്ന സംഘത്തെ വാജുഭായ് വാല ഇന്ന് കണ്ടേക്കില്ലെന്നും വാര്‍ത്തകളുണ്ട്.

കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ജെ.ഡി.എസ്സില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പെട്ടെന്നു നീക്കം നടത്തിയാല്‍ ബി.ജെ.പിക്കു മുന്നിലുള്ള വാതിലുകള്‍ അടയും. മറ്റു പാര്‍ട്ടികളില്‍ നിന്ന് എം.എല്‍.എമാരെ ‘ചാക്കിട്ടു പിടിക്കുക’ എന്ന, സമീപ കാലത്ത് പല സംസ്ഥാനങ്ങളിലും അമിത് ഷാ പയറ്റിയ ‘കുതന്ത്രം’ കര്‍ണാടകയിലും പയറ്റാന്‍ ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഗവര്‍ണറുടെ നിലപാട് ഇത്തരുണത്തിലാണ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുക.

കോണ്‍ഗ്രസും ജെ.ഡി.എസ്സും തന്നെ വന്നു കണ്ടാലും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് ബി.ജെ.പിക്ക് അധികാര സാധ്യതയെപ്പറ്റി ആലോചിക്കാന്‍ സമയം നല്‍കും. ജെ.ഡി.എസ്സില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാന്‍ കഴിയുമോ എന്നായിരിക്കും ബി.ജെ.പി പ്രഥമമായി ആലോചിക്കുക. ഇതിനായി പണവും മറ്റു പദവികളും വാഗ്ദാനം ചെയ്യപ്പെട്ടേക്കും. ഇത് ഫലിക്കാതെ വന്നാല്‍ ജെ.ഡി.എസ്സിന് പിന്തുണ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ബി.ജെ.പി ആലോചിച്ചേക്കും.

ഗുജറാത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറില്‍ ധനകാര്യ, തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു വാജുഭായ് വാല. ആര്‍.എസ്.എസ്സിലൂടെ രാഷ്ട്രീയ കരിയര്‍ ആരംഭിച്ച വാജുഭായ് ബി.ജെ.പിക്കു വേണ്ടി ഏതറ്റവും പോയേക്കുമെന്നാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ പേടി.