പ്രതിഷേധം ഭയന്ന് ഗവര്‍ണര്‍ ലിറ്റററി ഫെസ്റ്റിവലില്‍ നിന്ന് പിന്‍മാറി

പൗരത്വനിയമ ഭേദഗതി സംബന്ധിച്ചുളള ഗവര്‍ണര്‍-സര്‍ക്കാര്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയില്‍ നിന്ന് കേരള ഗവര്‍ണര്‍ പിന്മാറി. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്മാറിയത്. പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം ഭയന്നാണ് പിന്മാറിയതെന്നാണ് പ്രാഥമിക വിവരം. തുറന്ന വേദിയിലുളള പരിപാടിയായതിനാലാണ് പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറിയതെന്നാണ് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ഇന്ത്യന്‍ ഫെഡറലിസം എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തിലാണ് ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്നത്. പൊതുസ്ഥലത്തുളള പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് സംഘാടകരെ ഗവര്‍ണറുടെ ഓഫിസ് അറിയിക്കുകയായിരുന്നു.