ഗൗരി ലങ്കേഷ് കേസില്‍ വഴിത്തിരിവ് ഒരാള്‍ അറസ്റ്റില്‍

Gauri Lankesh. Source Twitter

 

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നിയമവിരുദ്ധമായി ബുള്ളറ്റ് കൈവശം വെച്ച കേസില്‍ ബംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെ.ടി നവീന്‍ കുമാര്‍(37) ആണ് അറസ്റ്റിലായത്. ഗൗരി ലങ്കേഷ് വധത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ വിവരം ലഭിച്ചതിനെതുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ പ്രതിചേര്‍ക്കുകയായിരുന്നു. മാണ്ഡ്യയിലെ മദ്ദൂര്‍ സ്വദേശിയാണ് നവീന്‍.
ഗൗരി ലങ്കേഷ് വധത്തില്‍ നവീന്‍ കുമാറിന്റെ പങ്ക് സംബന്ധിച്ച് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ബുള്ളറ്റ് കൈവശം വച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.
നവീന്‍ തന്റെ സുഹൃത്തുക്കളില്‍ ചിലരുമായി നടത്തിയ സംസാരിമാണ് കേസില്‍ തുമ്പായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നലെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അന്വേഷണ സംഘം മുമ്പാകെ ഇയാള്‍ നല്‍കിയ മൊഴി യും സീല്‍വെച്ച കവറില്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും മറ്റു പ്രതികളേയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തുന്നതിന് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍മല റാണി കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. അഞ്ചു മാസത്തിനു ശേഷമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ തുടങ്ങിയ എഴുത്തുകാരുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും ഇതോടെ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷ.

SHARE