കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്. യാത്രാവേളയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി മുന്‍കൂട്ടി അറിയിക്കുന്നതിനുളള സംവിധാനമാണ് ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയത്. ട്രാന്‍സിറ്റ് അലര്‍ട്ട്, ഡ്രൈവിങ് അലര്‍ട്ട് എന്നി പേരുകളിലാണ് യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ട്രാന്‍സിറ്റ് അലര്‍ട്ട് നടപ്പാക്കിയതായി ഗൂഗിള്‍ അറിയിച്ചു.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ സേവനം ലഭ്യമാണ്. വിവിധ യാത്ര ഏജന്‍സികളുടെ സഹായത്തോടെയാണ് സേവനം ലഭ്യമാക്കുന്നത്. യാത്ര വേളകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ യഥാസമയം യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അതത്് സര്‍ക്കാരുകള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുന്നതാണ് ട്രാന്‍സിറ്റ് അലര്‍ട്ട്.
ദേശീയ അതിര്‍ത്തികള്‍ കടക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ അറിയേണ്ടതുണ്ട്. ഇതിന് സഹായിക്കുന്നതാണ് ഡ്രൈവിങ് അലര്‍ട്ട്. യാത്രാവേളയില്‍ എവിടെയെല്ലാം നിയന്ത്രണങ്ങള്‍ ഉണ്ട്, കോവിഡ് ചെക്ക് പോയിന്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്, ഹോട്ട്സ്പോട്ടുകള്‍ ഉണ്ടോ, തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കൃത്യമായി അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.