‘ഗോലി മാരോ’ ;അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും വിദ്വേഷ മുദ്രാവാക്യം

കൊല്‍ക്കത്തയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ വീണ്ടും ‘ഗോലി മാരോ’ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം. ഞായറാഴ്ച, അമിത് ഷായുടെ റാലി നടന്ന കൊല്‍ക്കത്തയിലെ ഷാഹിദ് മിനാര്‍ മൈതാനത്തേയ്ക്കു പോയ ആളുകളാണ് വിവാദമായ മുദ്രാവാക്യം മുഴക്കിയത്. ഇവര്‍ ബിജെപി പതാക കയ്യിലേന്തിയിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തായി.

എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ റാലിക്കിടെ ഉണ്ടായ സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ കൊല്‍ക്കത്ത പൊലീസ് തയാറായില്ല. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ‘ഗോലി മാരോ’ പ്രയോഗം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രസംഗത്തിനിടെ ദേശ് കി ഗദ്ദാറോം കോ (രാജ്യത്തെ ഒറ്റുകാരെ) എന്ന് വിളിച്ചുപറയുകയും ഗോലി മാരോ സാലോം കോ (വെടിവച്ചു കൊല്ലണം അവറ്റകളെ) എന്ന് ജനക്കൂട്ടം വിളിക്കുകയുമായിരുന്നു. ഡല്‍ഹി കലാപത്തിന്റെ അലയൊലികള്‍ കെട്ടടുങ്ങുന്നതിനു മുന്‍പാണ് വീണ്ടും വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

SHARE