രാജ്യദ്രോഹി പ്രയോഗങ്ങള്‍ വേണ്ടായിരുന്നു; എന്റെ വിലയിരുത്തല്‍ തെറ്റിപ്പോയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍ തെറ്റായിപ്പോയെന്നും പരാജയം ഞാന്‍ അംഗീകരിക്കുന്നുവെന്നും മുന്‍ ബിജെപി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ടൈംസ് നൗ സമ്മിറ്റ് 2020 ല്‍ സംസാരിക്കവെ ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യദ്രോഹികളെ വെടിവെക്കാന്‍ പറയുന്ന തരത്തിലുള്ള വിവാദം വിളിച്ചുവരുത്തിയ പ്രസ്താവനകള്‍ നേതാക്കളില്‍ നിന്നും ഉണ്ടാവാന്‍
പാടില്ലായിരുന്നു. അത്തരം പ്രസ്താവനകള്‍ കാരണം പാര്‍ട്ടിക്ക് നഷ്ടമാണുണ്ടായതെന്നം അമിത് ഷാ പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഇത്തരത്തില്‍ അതിരുവിട്ട പ്രസ്താവനകള്‍ നടത്തിയ നേതാക്കള്‍ക്കെതിരെയും ബിജെപി നടപടിയെടുത്തിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടിയിരുന്നെന്നും ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ
‘ഗോളി മാരോ’,പ്രയോഗവും ഡല്‍ഹി തെരഞ്ഞെടുപ്പ് ‘ഇന്ത്യാ-പാക് മത്സരമാണെന്ന ബിജെപി നേതാക്കളുടെ വിവാദ പ്രയോഗങ്ങളും ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ കുറ്റസമ്മതം.

വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി അകലം പാലിച്ചിരുന്നുവെങ്കിലും ചില നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചിരിക്കാമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം പ്രതീക്ഷിച്ചതിലും വളരെ മോശമായെന്നും ഷാ പറഞ്ഞു. 270 പാര്‍ലമെന്റ് അംഗങ്ങളും 70 കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും ഉള്‍പ്പെടുന്ന വിപുലമായ പ്രചാരണമുണ്ടായിട്ടും മൂന്ന് സീറ്റുകളില്‍ നിന്ന് എട്ടു സീറ്റുകളിലേക്ക് എത്താനെ ബിജെപിക്ക് ആയിട്ടുള്ളൂ. ടൈംസ് നൗ സമ്മിറ്റ് 2020 ല്‍ ഡല്‍ഹി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലിലാണ് ഷാ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. അതേസമയം അത്തരം നേതാക്കള്‍ക്കെതിരെയും ബിജെപി നടപടിയെടുക്കാത്തത് ഇപ്പോഴും ചോദ്യചിഹ്നമാവുകയാണ്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് തുടര്‍ച്ചയായി പരാജയം നേരിടാന്‍ തുടങ്ങിയതോടെ സിഎഎ, കശ്മീര്‍ തുടങ്ങി വിവാദ ബില്ലുകള്‍ക്ക് കാരണക്കാരനായ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പാര്‍ട്ടിയില്‍ തന്നെ പ്രതിഷേധം ഉയരുന്നതായാണ് റിപ്പോര്‍ട്ട്.
മോദിയെ കടന്നുള്ള അമിത് ഷായുടെ ഇടപെടലിനെതിരെ ഒളിയമ്പെയ്ത് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുല്യനായ മറ്റൊരു നേതാവില്ലെന്ന് ഉമാഭാരതി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഉമാഭാരതിയുടെ പ്രതികരണം രംഗത്തുവരുന്നത്.

ഇതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നാഗാലാന്റില്‍ 22 ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിറകെയാണ് ബിജെപിക്ക് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുന്നത്. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നതായി ഈസ്റ്റ് മോജോ റിപ്പോര്‍ട്ട് ചെയ്യുന്നു.