‘പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലൂ’ ഡല്‍ഹിയില്‍ വീണ്ടും സംഘപരിവാര്‍ കൊലവിളി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി സംഘപരിവാര്‍ തീവ്രവാദികള്‍. ഡല്‍ഹിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനായ രാജീവ് ചൗക്ക് മെട്രോ സ്‌റ്റേഷനുള്ളിലും പരിസരത്തെ കൊണാട്ട് പ്ലേസിലുമാണ് ഒരു സംഘമാളുകള്‍ ഗോലീ മാറോ (പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലൂ) മുദ്രാവാക്യമുയര്‍ത്തിയത്. മെട്രോ സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൗരത്വവിരുദ്ധ സമരക്കാര്‍ക്കെതിരെ നേരത്തെയും സംഘപരിവാര്‍ ഗോലി മാറോ മുദ്രാവാക്യം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതോടെ ഈ കൊലവിളിക്ക് ജനശ്രദ്ധ ലഭിക്കുകയായിരുന്നു. ഈ മുദ്രാവാക്യം മുന്നില്‍ നിന്നു വിളിച്ചുകൊടുത്തതിന് അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര പോലുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

പൗരത്വനിയമ ഭേദഗതിക്കെതിരെ സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ ഹിംസാത്മകമായി അടിച്ചമര്‍ത്താന്‍ പ്രേരണ നല്‍കുന്ന മുദ്രാവാക്യമാണ് ഇതെന്നാണ് വ്യാപക വിമര്‍ശം.

SHARE